മുംബൈ: കൗമാരക്കാരനായ സഹോദരനും അമ്മയും ചേർന്ന് 19-കാരിയെ ദുരഭിമാന കൊലയ്ക്ക് ഇരയാക്കി. അഭിമാനക്ഷതമുണ്ടാക്കി എന്നാരോപിച്ചാണ് ഗർഭിണിയായ സഹോദരിയെ അമ്മയുടെ സഹായത്തോടെ സഹോദരന്‍ കഴുത്തറുത്ത് കൊല്ലുകയും തല അയല്‍വാസികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തത്.  മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയില്‍ ഞായറാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. അറുത്തുമാറ്റിയ സഹോദരിയുടെ തലയ്‌ക്കൊപ്പം കൗമാരക്കാരനും അമ്മയും സെല്‍ഫിയെടുത്തെന്ന് അയല്‍വാസികള്‍ പറയുന്നു.

കീര്‍ത്തി ഥോര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ജൂണില്‍ വീടുവിട്ടിറങ്ങിയ യുവതി യുവാവിനൊപ്പം കഴിയുകയായിരുന്നു. കഴിഞ്ഞ ആഴ്ച അമ്മ കീര്‍ത്തിയെ സന്ദര്‍ശിച്ചിരുന്നു. ഞായറാഴ്ച  വീണ്ടും അമ്മയും സഹോദരനും അവരുടെ വീട്ടിലേക്ക് വന്നു. അമ്മയ്ക്കും സഹോദരനുമായി കീര്‍ത്തി ചായ ഉണ്ടാക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അരിവാളുമായി എത്തിയ സഹോദരന്‍ കീര്‍ത്തിയുടെ കഴുത്തറുക്കുകയായിരുന്നു. അമ്മ കീര്‍ത്തിയുടെ കാല് പിടിച്ചുവെച്ചെന്നും പോലീസ് പറയുന്നു.

അമ്മയും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തുമ്പോള്‍ യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. രോഗബാധിതനായ ഭര്‍ത്താവ് വീട്ടില്‍ മറ്റൊരു മുറിയില്‍ കിടക്കുകയായിരുന്നു. പാത്രങ്ങള്‍ വീഴുന്ന ശബ്ദം കേട്ട് ഇയാള്‍ അടുക്കളയിലേക്ക് കിതച്ചെത്തിയപ്പോള്‍ യുവതിയുടെ സഹോദരന്‍ ഇയാളേയും കൊലപ്പെടുത്താനുള്ള ശ്രമം നടത്തി. ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. 

കീർത്തിയെ കൊലപ്പെടുത്തിയ ശേഷം വരാന്തയില്‍ വന്ന് ചുറ്റുമുള്ളവര്‍ കാണുന്നതിനായി മുറിച്ചെടുത്ത തല വീശി കാണിച്ചു. അയല്‍വാസികള്‍ക്ക് മുന്നില്‍ തല പ്രദര്‍ശിപ്പിച്ച ശേഷം കൗമാരക്കാരനും അമ്മയും വിര്‍ഗോവന്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

'ഒരാഴ്ച മുമ്പ് അമ്മ മകളെ സന്ദര്‍ശിച്ചിരുന്നു. ഡിസംബര്‍ അഞ്ചിന് വീണ്ടും മകനൊപ്പം മകളെ കാണാനായി പോയി. ഒരു വയലിലായിരുന്നു കീര്‍ത്തിയുടെ വീട്. ഭര്‍ത്താവിന്റെ അമ്മയ്‌ക്കൊപ്പം വയലില്‍ ജോലി ചെയ്യുകയായിരുന്നു കീര്‍ത്തി. ഈ സമയത്താണ് അമ്മയും സഹോദരനും വരുന്നത് കണ്ടത്. തുടര്‍ന്ന് ജോലി മതിയാക്കി അവരെ സ്വീകരിച്ചു. രണ്ടുപേര്‍ക്കും വെള്ളം കൊടുത്ത ശേഷം ചായ ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. പിന്നാലെ എത്തിയ സഹോദരന്‍ കൈയില്‍ കരുതിയിരുന്ന അരിവാളെടുത്ത് കഴുത്തറുക്കുകയായിരുന്നു', മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ കൈലാഷ് പ്രജാപതി പറഞ്ഞു.