ഗുവാഹാത്തി: അസം-മിസോറം അതിര്‍ത്തി സംഘര്‍ഷത്തില്‍ അസം മുഖ്യമന്ത്രിക്കെതിരേ കേസെടുത്ത നടപടി പുനഃപരിശേധിക്കുമെന്ന് മിസോറാം ചീഫ് സെക്രട്ടറി ലാല്‍നുന്‍മാവിയ ചുവാങ്കോ. ഹിമന്ത ബിശ്വശര്‍മക്കെതിരേ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടി താനും മിസോറം മുഖ്യമന്ത്രി സോറംതംഗയും അറിഞ്ഞിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. 

അസം മുഖ്യമന്ത്രിക്കെതിരേ കേസെടുത്ത പോലീസ് നടപടി പുനപരിശോധിക്കണമെന്ന് സോറംതംഗ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. നിയമപരമായ അടിത്തറയില്ലെങ്കില്‍ അസം മുഖ്യമന്ത്രിയുടെ പേര് എഫ്‌ഐആറില്‍ നിന്ന് ഒഴിവാക്കുമെന്നും ലാല്‍നുന്‍മാവിയ പറഞ്ഞു. 

അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് ജൂലായ് 30നാണ് അസം മുഖ്യമന്ത്രിക്കെതിരേയും നാല് ഉന്നതോദ്യോഗസ്ഥര്‍ക്കെതിരേയും മിസോറാം പോലീസ് കേസെടുത്തിരുന്നത്. കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു എഫ്‌ഐആര്‍. മിസോറം പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാല്‍ സംഭവത്തില്‍ എന്തുകൊണ്ട് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട്  അന്വേഷണം നടത്തുന്നില്ലെന്നും നേരത്തെ ഹിമന്ത ബിശ്വശര്‍മ പ്രതികരിച്ചിരുന്നു. 

ജൂലായ് 26ന് അസമിലെ കച്ചര്‍ ജില്ലയ്ക്കും മിസോറമിലെ കോലാസിബ് ജില്ലയ്ക്കും ഇടയിലുള്ള അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ അസം പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. 50ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

content highlights: Border row: Mizoram govt to 'relook' FIR against Assam CM Himanta Biswa Sarma, says chief secretary