ഗുവഹാത്തി: അസം-മിസോറം അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മിസോറാം പോലീസ് കേസെടുത്തതിനേ തുടര്‍ന്ന് പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ. അന്വേഷണവുമായി സഹകരിക്കുമെന്ന് ഹിമന്ത ബിശ്വശര്‍മ പറഞ്ഞു. സംഭവത്തില്‍ എന്തുകൊണ്ട് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട്  അന്വേഷണം നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. 

'ഏത് അന്വേഷണത്തോടും സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. എന്തുകൊണ്ടാണ് കേസ് ഒരു നിഷ്പക്ഷ ഏജന്‍സിക്ക് കൈമാറാത്തത്, പ്രത്യേകിച്ചും സംഭവസ്ഥലം ഭരണഘടനാപരമായ അസമില്‍ ഉള്ളപ്പോള്‍? ഇതിനേക്കുറിച്ച് ഇതിനകം മിസോറം മുഖ്യമന്ത്രി സോറംതംഗയെ അറിയിച്ചിട്ടുണ്ട്. - അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

അതിര്‍ത്തി സംഘര്‍ഷത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയ്ക്കും ആറ് ഉന്നതോദ്യോഗസ്ഥര്‍ക്കും എതിരേ മിസോറം പോലീസ് കേസെടുത്തിരുന്നു. കൊലപാതകശ്രമം ഉള്‍പ്പടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐ.ജി.പി. അനുരാഗ് അഗര്‍വാള്‍, കച്ചര്‍ ഡി.ഐ.ജി. ദേവ്‌ജ്യോതി മുഖര്‍ജി, കച്ചര്‍ പോലീസ് സൂപ്രണ്ട് നിംബാല്‍ക്കര്‍ വൈഭവ് ചന്ദ്രകാന്ത് അടക്കമുള്ളവര്‍ക്കെതിരേയാണ് മിസോറാം പോലീസ് കേസെടുത്തിരിക്കുന്നത്. 

ഇരുസംസ്ഥാനങ്ങള്‍ക്കുമിടയില്‍ തര്‍ക്കമുള്ള കച്ചറില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ സംഘര്‍ഷത്തിലാണ് അസം പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചത്. അസമിലെ കച്ചര്‍ ജില്ലയ്ക്കും മിസോറമിലെ കോലാസിബ് ജില്ലയ്ക്കും ഇടയിലുള്ള അതിര്‍ത്തിയിലാണ് അക്രമം ഉണ്ടായത്.

Content Highlights: Border row: Assam CM Himanta Biswa Sarma reacts to FIR against him, says happy to join probe