നേതാക്കൾ തിരിച്ചെത്തിയതിന് പിന്നാലെ നടന്ന പത്രസമ്മേളനം | Photo:Twitter@INCIndia
ശ്രീനഗര്‍: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് കടയ്ക്കാനിരിക്കെ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ശുഭകരമായ വാർത്ത. ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 നേതാക്കള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. വെള്ളിയാഴ്ച രാവിലെയാണ് നേതാക്കള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്. മുന്‍ ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി താരാചന്ദ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് തിരിച്ചെത്തിയത്. ഗുലാം നബി ആസാദ് മതേതര ചിന്തകൾ വെടിയുന്നെന്ന് ആരോപിച്ചാണ് നേതാക്കള്‍ കോൺഗ്രസിൽ തിരിച്ചെത്തിയത്.
താരാചന്ദിന് പുറമെ മുൻ പിസിസി അധ്യക്ഷനും മുൻ മന്ത്രിയുമായ പീർസാദ മുഹമ്മദ് സയ്യിദ്, മുൻ എംഎൽഎ ബൽവാൻ സിങ് എന്നിവരാണ് പാര്‍ട്ടിയിലേക്ക് മടങ്ങി എത്തിയ മറ്റു പ്രമുഖര്‍. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയല്‍ ചേരുന്നതിനായിരുന്നു ഗുലാം നബി ആസാദും മറ്റു നേതാക്കളും കോണ്‍ഗ്രസ് വിട്ടത്. 2022 ആഗസ്റ്റിലായിരുന്നു ഇവര്‍ കോണ്‍ഗ്രസ് വിട്ടത്. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് താരാചന്ദ് ഉള്‍പ്പെടെയുള്ളവരെ ആസാദ് പുറത്താക്കിയിരുന്നു.
ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേതാക്കളെ സ്വീകരിച്ചു. ഇവര്‍ അവധിയില്‍ പോയതായിരുന്നു, അവധി കഴിഞ്ഞ് അവര്‍ മടങ്ങിയെത്തി. കെ.സി വേണുഗോപാല്‍ പറഞ്ഞു. തെറ്റിദ്ധാരണയാണ് ഇവര്‍ കോണ്‍ഗ്രസ് വിടാനുള്ള കാരണമെന്നും തിരികെ വന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് വിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് താരാചന്ദും വ്യക്തമാക്കി.
ഗുലാം നബി ആസാദ് തിരികെയെത്തുമോ എന്ന ചോദ്യത്തിന് ഭാരത് ജോഡോ യാത്രയുടെ ആശയത്തിൽ വിശ്വസിക്കുന്ന ആർക്കും യാത്രയിൽ അണിചേരാമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
Content Highlights: Boost for Congress in J&K ahead of Bharat Jodo yatra as Ghulam Nabi Azad loyalists rejoin party
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..