മുംബൈ: അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ പ്രകീര്‍ത്തിക്കുന്ന തരത്തില്‍ വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് എസ്.എസ് ഷിന്ദേ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പരാമര്‍ശം പിന്‍വലിച്ചത്. എന്‍ഐഎയ്ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണിത്.

ഭീമാ കൊറെഗാവ് കേസില്‍ വിചാരണ കാത്ത് കഴിയവെയാണ് സ്റ്റാന്‍ സ്വാമി ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചത്. അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള പരാമര്‍ശം പിന്‍വലിച്ചുവെങ്കിലും ന്യായാധിപന്മാരും മനുഷ്യരാണെന്ന് ജസ്റ്റിസ് ഷിന്ദേ ചൂട്ടിക്കാട്ടി. സ്റ്റാന്‍സ്വാമിയുടെ മരണ വാര്‍ത്ത അപ്രതീക്ഷിതമായാണ് കേട്ടത്. അദ്ദേഹത്തെ തടവിലാക്കിയതിനെപ്പറ്റിയോ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തതിനെപ്പറ്റിയോ പരാമര്‍ശമൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമപരമായ കാര്യങ്ങള്‍ വേറെയാണ്. പക്ഷെ താന്‍ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അവ പിന്‍വലിക്കുന്നു. സ്റ്റാന്‍ സ്വാമിയുടെ മരണം പോലെയുള്ള കാര്യങ്ങള്‍ അപ്രതീക്ഷിതമായി സംഭവിക്കുമ്പോള്‍ ന്യായാധിപരും മനുഷ്യരാണെന്ന കാര്യം ഓര്‍ക്കണമെന്നും ജസ്റ്റിസ് ഷിന്ദേ പറഞ്ഞു.

ഭീമാ കൊറെഗാവ് - ഏകതാ പരിഷത്ത് കേസില്‍ അറസ്റ്റിലായ ഏറ്റവും പ്രായംചെന്ന വ്യക്തിയായിരുന്നു സ്റ്റാന്‍ സ്വാമി. ജൂലായ് അഞ്ചിന് സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം മരിച്ചത്. പിന്നീട് ജസ്റ്റിസ് ഷിന്ദേ നടത്തിയ പരാമര്‍ശങ്ങളാണ് എന്‍ഐഎയുടെ എതിര്‍പ്പിന് ഇടയാക്കിയത്. സ്റ്റാന്‍ സ്വാമി സമൂഹത്തിനു വേണ്ടി ചെയ്ത നല്ലകാര്യങ്ങള്‍ പരിഗണിച്ച് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്ന് livelaw.in റിപ്പോര്‍ട്ടു ചെയ്തു. അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളോട് ആദരവാണ് ഉള്ളതെന്നും ജസ്റ്റിസ് ഷിന്ദേ പറഞ്ഞിരുന്നു.

എന്നാല്‍ ഈ പരാമര്‍ശം എന്‍ഐഎയ്ക്ക് മോശമായ പ്രതിച്ഛായ സൃഷ്ടിച്ചുവെന്നും കേസ് അന്വേഷണങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഷിന്ദേ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്തകാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനിടെ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തെക്കുറിച്ചുള്ള മജിസ്‌ട്രേട്ട് അന്വേഷണ വിഷയത്തില്‍ കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായി ആവശ്യപ്പെട്ടു.

Content Highlights: Bombay High Court withdraws oral praise for late Fr. Stan Swami