
അർണബ് ഗോസ്വാമി |Photo:ANI
മുംബൈ: ആത്മഹത്യാ പ്രേരണക്കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചു. ഹേബിയസ് ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതിയാണ് അര്‍ണബിന് ഇടക്കാല ജാമ്യം നിഷേധിച്ചത്.
ജസ്റ്റിസുമാരായ എസ്.എസ്. ഷിന്ദേയും എം.എസ്. കാര്‍ണിക്കുമടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. കേസ് റദ്ദാക്കണണെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു അര്‍ണബ് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധി വരുന്നതിന് തൊട്ടുമുമ്പായി അര്‍ണാബ് അലിബാഗ് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കാന്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി പറഞ്ഞിരുന്നു. നാലു ദിവസത്തിനുള്ളിൽ കേസ് പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇടക്കാല ജാമ്യംനിഷേധിച്ചുകൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ജാമ്യത്തെ ബാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നവി മുംബൈയിലെ തലോജ ജയിലിലാണ് നിലവില്‍ അര്‍ണബുള്ളത്. അലിബാഗിലെ താത്കാലിക ജയിലില്‍ അനധികൃതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് ഞായറാഴ്ച ഇങ്ങോട്ടേക്ക് മാറ്റിയത്.
ബുധനാഴ്ച രാവിലെ മുംബൈയില്‍ അറസ്റ്റിലായ അര്‍ണബിനെ രാത്രിയാണ് അലിബാഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ താത്കാലിക ജയിലായി ഉപയോഗിക്കുന്ന സ്കൂളിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത്. ഇവിടേക്കു മാറ്റുമ്പോള്‍ അര്‍ണബിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നെങ്കിലും മറ്റാരുടേയോ ഫോണ്‍ ഉപയോഗിച്ച് അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ ഇടപെടുന്നതായി കണ്ടെന്ന് റായ്ഗഢ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ജാമില്‍ ശൈഖ് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് തലോജ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്.
Content Highlights: Bombay High Court Refuses Interim Bail To Arnab Goswami
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..