
pti photo
മുംബൈ: ഡല്‍ഹി നിസാമുദീന്‍ മര്‍ക്കസ് ആസ്ഥാനത്ത് ഒത്തുചേര്‍ന്ന തബ്ലീഗ് ജമാഅത്തിലെ 29 വിദേശികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്. ബോംബെ ഹൈക്കോടതി റദ്ദാക്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, മഹാരാഷ്ട്ര പോലീസ് ആക്ട്, ദുരന്ത നിവാരണ നിയമം, ഫോറിനേഴ്സ് നിയമം, വിസ ചട്ട ലംഘനം എന്നിവയിലെ പല വകുപ്പുകളും ചുമത്തിയാണ് 29 പേര്‍ക്കെതിരെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിരുന്നത്.
എന്നാല്‍, കേസിലെ പ്രതികള്‍ വിസചട്ടങ്ങള്‍ ലംഘിക്കുകയോ രാജ്യത്ത് കോവിഡ് പരത്തുന്നതിന് കാരണക്കാരാവുകയോ ചെയ്തതിന് തെളിവുകളൊന്നും തന്നെയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി എഫ്.ഐ.ആര്. റദ്ദാക്കിയത്. മാത്രമല്ല, വിഷയത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
പര്‍ച്ചവ്യാധിയോ ദുരന്തമോ ഉണ്ടാവുമ്പോള്‍ ഒരു ബലിയാടിനെ കണ്ടെത്താന്‍ സര്‍ക്കാരുകള്‍ ശ്രമിക്കാറുണ്ട്. സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ ഈ വിദേശികളെ ബലിയാടാക്കാനായി തിരഞ്ഞെടുത്തുവെന്നാണ് മനസിലാക്കാനാകുന്നതെന്നും കോടതി പറഞ്ഞു. കേസില്‍ ഏഴ് ഇന്ത്യക്കാര്‍ക്കെതിരെയും കേസെടുത്തിരുന്നു. ഇവര്‍ക്കെതിരായ എഫ്.ഐ.ആറും കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ടി.വി. നലവാഡെ, എം.ജി. സെവില്‍കര്‍ എന്നിവരുടെ ഡിവിഷന് ബെഞ്ചിന്റേതാണ് വിധി.
ഡല്‍ഹിയിലെ തബ്ലീഗ് ജമാഅത്ത് സഭ നടന്നതിന് ശേഷം പുറപ്പെടുവിച്ചവ ഉള്‍പ്പെടെ കേന്ദ്രം പുറപ്പെടുവിച്ച വിവിധ സര്‍ക്കുലറുകളും മാര്‍ഗനിര്‍ദേശങ്ങളും കോടതി പരാമര്‍ശിച്ചു, വിദേശികള്‍ മതസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും മതപ്രഭാഷണങ്ങളില്‍ പങ്കെടുക്കുന്നത് പോലുള്ള സാധാരണ മതപരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതിനും യാതൊരു നിയന്ത്രണവുമില്ലെന്നും നിരീക്ഷിച്ചു.
ഇറാന്, ഐവറി കോസ്റ്റ്, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഇന്ത്യന്‍ സര്‍ക്കാര്‍ നല്കിയ സാധുവായ വിസയിലൂടെയാണ് തങ്ങള്‍ ഇന്ത്യയിലെത്തിയതെന്ന് പരാതിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ''ഇന്ത്യന്‍ സംസ്കാരം, പാരമ്പര്യം, ആതിഥ്യമര്യാദ, ഇന്ത്യന്‍ ഭക്ഷണം എന്നിവ അനുഭവിച്ചറിയാനാണ് തങ്ങള്‍ വന്നത്. നടപടിക്രമങ്ങള്‍ക്കനുസൃതമായി വിമാനത്താവളത്തില്‍ പരിശോധന നടത്തിയിരുന്നു. താമസം സംബന്ധിച്ച് പ്രാദേശിക അധികാരികളെ അറിയിച്ചിരുന്നു." മതപരമായ ചടങ്ങുകൾ അനുഷ്ഠിക്കാനാണ് അല്ലാതെ, മതം പ്രചരിപ്പിക്കാനല്ല വന്നതെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, ഇക്കാര്യം പോലീസ് എതിര്‍ത്തു. സന്ദര്‍ശക വിസയിലെത്തിയ ഇവര്‍ വിസ ചട്ടങ്ങളില്‍ ലംഘനം നടത്തിയതായി പോലീസ് വാദിച്ചു. ഇക്കാര്യത്തില്‍ പോലീസ് യാന്ത്രികമായാണ് പ്രവര്‍ത്തിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പുറത്താണ് ഈ കേസെടുത്തതെന്നതാണ് ഇതിനാല്‍ ബോധ്യമാകുന്നത്. പോലീസ് ക്രിമിനല്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്നും കോടതി വ്യക്തമാക്കി.
മറ്റ് രാജ്യങ്ങളില്‍നിന്ന് വരുന്ന വിവിധ മതവിശ്വാസികളോട് വ്യത്യസ്ത സമീപനം സര്‍ക്കാര്‍ പുലര്‍ത്താന്‍ പാടില്ല. മതപരവും സാമൂഹ്യപരവുമായ സഹിഷ്ണുത ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും അത്യാവശ്യമാണ്. ഇത് ഭരണഘടന ശഠിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlights: Bombay HC junks FIRs against 29 Tablighi foreigners: ‘Probability made scapegoats in pandemic’
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..