മുംബൈ: അഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ അറസറ്റില്‍ നിന്ന് സംരക്ഷണം തേടി എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സമര്‍പ്പിച്ച അപേക്ഷ ബോംബെ ഹൈക്കോടതി തീര്‍പ്പാക്കി. കേസ് രജിസ്റ്റര്‍ ചെയ്താല്‍ അറസ്റ്റിന് മൂന്ന് ദിവസം മുമ്പ് സമീര്‍ വാങ്കഡെയ്ക്ക് നോട്ടീസ് നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മഹാരാഷ്ട്ര സര്‍ക്കാര്‍ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്നും ഏത് ദിവസവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നുവെന്നും അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി സമര്‍പ്പിച്ച അപേക്ഷയില്‍ സമീര്‍ വാങ്കഡെ കോടതിയെ ബോധിപ്പിച്ചിരുന്നു. കേസന്വേഷണം സിബിഐയ്‌ക്കോ അല്ലെങ്കില്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സികള്‍ക്കോ കൈമാറണമെന്നും വാങ്കഡെ ആവശ്യപ്പെട്ടിരുന്നു. 

അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണങ്ങളിലേക്ക് കടക്കാന്‍ ബോംബെ ഹൈക്കോടതി തയ്യറായില്ല. 

വാങ്കഡെക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ മുംബൈ പോലീസ് നാല് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സമീര്‍ വാങ്കഡെ, കേസിലെ സാക്ഷിയായ കെ.പി. ഗോസാവി തുടങ്ങിയവര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും കൈക്കൂലിയായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും ആരോപിച്ച് സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയിലാണ് രംഗത്തെത്തിയിരുന്നത്. 

content highlights: Bombay HC disposes of Sameer Wankhede's plea seeking interim protection from arrest