ആഗ്ര: താജ്മഹൽ ബോംബ് വെച്ച തകർക്കുമെന്ന് ഫോൺ ഭീഷണി. ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതാ നിര്‍ദേശമാണ് മേഖലയില്‍ പുറപ്പെടുവിച്ചത്. തുടർന്ന് താജ്മഹല്‍ അടച്ച് ആളുകളെ ഒഴിപ്പിച്ചു പരിശോധനയും നടത്തി. പരിശോധനയിൽ യാതൊന്നും കണ്ടെത്താനാവത്തതിനാൽ വ്യാജസന്ദേശമാകുമെന്നാണ് പോലീസ് സംശയിക്കുന്നത്.

താജ്മഹലില്‍ ബോംബ് സ്‌ഫോടനം ഉണ്ടാവുമെന്ന് പറഞ്ഞ് രാവിലെയാണ് യുപി പോലീസിന് അജ്ഞാത ഫോൺ വിളി വരുന്നത്. ഉടനടി തന്നെ ബോംബ് സ്‌ക്വാഡ് സഞ്ചാരികളെ മാറ്റി വിശദമായ പരിശോധന നടത്തി. എന്നാൽ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഐജി അറിയിച്ചു.

സിഐഎസ്എഫും ആഗ്രാ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. 99 ശതമാനവും ഇത് വ്യാജ ഭീഷണിയാണെന്നാണ് പോലീസ് വിലയിരുത്തല്‍. എന്നിരുന്നാലും പരിശോധനയും മറ്റ് നടപടികളും അതിന്റെ മുറയ്ക്ക നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ഫിറോസാബാദില്‍ നിന്നാണ് ഫോണ്‍ വിളി വന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് താജ്മഹല്‍.

ആയിരക്കണക്കിന് സഞ്ചാരികള്‍ താജ്മഹലിനകത്ത് ഉണ്ടായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിനോദ സഞ്ചാരികളെ ഒഴപ്പിക്കുകയും താജ്മഹലിലേക്കുള്ള പ്രധാന വാതിലുകള്‍ അടക്കുകയും ചെയ്തെങ്കിലും ഈ വിലക്ക് ഇപ്പോൾ ഒഴിവാക്കി സഞ്ചാരികൾക്ക് പ്രവേശനം കൊടുത്തു തുടങ്ങി. 

content highlights: Bomb threat in Tajmahal