;മുംബൈ: റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മുബൈയിലെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കളുമായി കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കൂട്ടി യോജിപ്പിക്കാത്ത നിലയിലുള്ള ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്.
പുലര്‍ച്ചെ ഒരു മണിക്കാണ് വാഹനം അംബാനിയുടെ വീടിന് സമീപം പാര്‍ക്കുചെയ്തത്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും വാഹനം സ്ഥലത്ത് നിന്ന് മാറ്റാതിരുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസില്‍ വിവരം അറിയിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ കൂട്ടിയോജിപ്പിക്കാത്ത നിലയിലുള്ള 20 ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. 125 ഗ്രാം ആണ് ഒരോന്നിന്റെയും തൂക്കം. ഇപ്രാവശ്യം ഇവ കൂട്ടി യോജിപ്പിക്കാനായില്ല, അടുത്ത തവണ ചെയ്തിരിക്കും എന്ന് മുകേഷ് അംബാനിയെയും ഭാര്യ നിത അംബാനിയെയും അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കുറിപ്പും കാറില്‍ നിന്ന് കണ്ടത്തി.
കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കെട്ടിടങ്ങള്‍ പൊളിക്കാനായി ഉപയോഗിക്കുന്നവയാണെന്ന് പോലീസ് പറയുന്നു.വാഹനത്തിനുള്ളില്‍ നിന്ന് കൂടുതല്‍ നമ്പര്‍ പ്ലേറ്റുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുംബൈയിലെ വിക്റോലിയില് നിന്നും കുറച്ച് നാള് മുമ്പ് മോഷ്ടിക്കപ്പെട്ട കാര്‍ ആണ് ഇതെന്ന് പോലീസ് തിരിച്ചറിഞ്ഞു.വാഹനം ഉപേക്ഷിച്ചയാളെ കണ്ടെത്താനായി പോലീസ് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പുലര്‍ച്ചെ ഒരുമണിക്കാണ് വാഹനം ഉപേക്ഷിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.
Content Highlight: Bomb scare near Mukesh Ambani's residence