റായ്പുര്‍: സ്‌ട്രെച്ചറുകളിലും നിലത്തും നിരയായി മൃതശരീരങ്ങള്‍; ആശുപത്രി വരാന്തകളില്‍ കിടത്താനിടമില്ലാതെ പുറത്ത് കത്തുന്ന വെയിലില്‍ കിടത്തിയിരിക്കുന്നവ. കോവിഡ് വ്യാപനത്തിന്റെ കൂടുതല്‍ തീവ്രമായ രണ്ടാം തരംഗത്തില്‍ റായ്പുരിലെ ഏറ്റവും വലിയ സര്‍ക്കാരാശുപത്രിയിലെ നടുക്കുന്ന കാഴ്ചയാണിത്. ഡോക്ടര്‍ ഭീം റാവു അംബേദ്ക്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ മൃതശരീരങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലം തികയാതെയായിരിക്കുകയാണ്. കുത്തനെ ഉയരുന്ന കോവിഡ് നിരക്ക് രാജ്യത്തെ ആരോഗ്യമേഖലയെ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചകളില്‍ ഒന്നാണിത്. 

സ്ഥിതിഗതികൾ വ്യക്തമാക്കുന്ന വീഡിയോകളും റിപ്പോർട്ടും എൻഡിടിവിയാണ് പുറത്തുവിട്ടിരിക്കുന്നത്.

അപ്രതീക്ഷിതമായുള്ള കോവിഡ് മരണസംഖ്യയിലെ വര്‍ധനവ് മൃതശരീരങ്ങള്‍ സംസ്കരിക്കുന്നത് വരെ സൂക്ഷിക്കുന്ന കാര്യത്തിൽ വരെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഫ്രീസറുകള്‍ ലഭ്യമല്ല, മോര്‍ച്ചറികള്‍ നിറഞ്ഞിരിക്കുന്നു. കോവിഡ് കാരണമല്ലാതെയുണ്ടാകുന്ന മരണങ്ങള്‍ വേറെയും. ഉള്ള സ്ഥലത്ത് മൃതദേഹങ്ങള്‍ സൂക്ഷിക്കുക മാത്രമാണ് ആശുപത്രി അധികൃതര്‍ക്ക് ആകെ ചെയ്യാനുള്ളത്. മരണസംഖ്യ കൂടിയാലുള്ള അവസ്ഥയെ കുറിച്ചുള്ള ആശങ്ക വേറെയും. 

"കഴിഞ്ഞ ഒരാഴ്ചക്കാലത്തിനിടെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗങ്ങളും ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകളും രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. രണ്ടോ മൂന്നോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതില്‍ നിന്ന് മരണസംഖ്യ ഏറെ വര്‍ധിച്ചിരിക്കുന്നു. 10-20 രോഗികളുടെ മരണം പ്രതീക്ഷിച്ചിരിക്കുമ്പോള്‍ മരണസംഖ്യ 50-60 എന്ന നിലയിലിലേക്ക് എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ശ്മശാനങ്ങളും നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്", റായ്പുര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മീര ഭാഗേല്‍ പറയുന്നു. 

പ്രതിരോധ നടപടികളുടെ പിന്‍ബലത്തില്‍ കോവിഡിനെതിരെയുള്ള പോരാട്ടം നാം ഏറെക്കുറെ ജയിച്ച അവസ്ഥയായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതി പാടെ മാറിയിരിക്കുന്നു.

"കോവിഡ് ലക്ഷണങ്ങള്‍ പ്രകടമാകാത്ത രോഗികളില്‍ പോലും രോഗാവസ്ഥ പെട്ടെന്ന് വഷളാവുകയും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയും ചെയ്യുന്നതാണ് നിലവില്‍ കണ്ടുവരുന്നത്. കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി കൃത്യമായി കണക്കാക്കാനാവുന്നില്ല എന്നതാണ് നിലവില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി", ഡോക്ടര്‍  മീര ഭാഗേല്‍ കൂട്ടിച്ചേര്‍ത്തു. 

കോവിഡ് നിരക്ക് കുത്തനെ വര്‍ധിക്കുന്ന ഛത്തീസ്ഗഡിലെ റായ്പുരില്‍ മാത്രം 55 മൃതദേഹങ്ങള്‍ പ്രതിദിനം സംസ്‌കരിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. അതില്‍ ഭൂരിഭാഗവും കോവിഡ് മൂലം മരിച്ചവരുടേതാണ്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഏറ്റവുമധികം ബാധിക്കപ്പെട്ട പത്ത് സംസ്ഥാനങ്ങളിലൊന്നായ ഛത്തീസ്ഗഡില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം 10,521 ആണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,43,297 ആയി. കോവിഡ് മൂലം സംസ്ഥാനത്തിതു വരെ 4,899 പേരാണ് മരിച്ചത്. ഛത്തീസ്ഗഡില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഇതേ സാഹചര്യമാണുള്ളത്. 

 

 

Content Highlights: Bodies Pile Up In Government Hospital In Chhattisgarh's Covid Horror