മുംബൈ: നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നിലവിലിരിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ചൊവ്വാഴ്ച പിഴയിനത്തില്‍ ഈടാക്കിയത് 29 ലക്ഷം രൂപ. 14,600 പേരില്‍ നിന്നാണ് ഈ തുക ഈടാക്കിയത്. 2020 മാര്‍ച്ച് മുതല്‍ 15 ലക്ഷം പേരില്‍ നിന്ന് 30.5 കോടിയോളം രൂപ പിഴയായി കോര്‍പറേഷന്‍ ഈടാക്കിയതായാണ് കണക്ക്. 

മാസ്ക് ധരിക്കാത്ത 22,976 പേരില്‍ നിന്ന്  45.95 ലക്ഷം രൂപ ഫെബ്രുവരി 23 ന് അധികൃതര്‍ ഈടാക്കി. 60 ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ ആഴ്ച അവസാനം മാസ്‌ക് ലംഘനത്തിന് പിഴ ചുമത്തിയത്. ലോക്കല്‍ ട്രെയിനുകള്‍ കൂടി സര്‍വീസ് പുനരാരംഭിച്ച സാഹചര്യത്തില്‍ അടുത്ത 15 ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് മുന്‍സിപ്പല്‍ കമ്മിഷണര്‍ ഐ എസ് ചഹല്‍ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ കര്‍ശനനിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ നേരത്തെ തന്നെ അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു.

പുതിയ മാനദണ്ഡങ്ങളനുസരിച്ച് പൊതു സ്ഥലങ്ങളില്‍ മാസ്‌ക്  നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് പിഴ. നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ മുന്‍സിപ്പല്‍ കമ്മിഷണര്‍ നിയമിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ദിവസേന 25,000 ത്തോളം പേര്‍ക്കാണ് മാസ്‌ക് ധരിക്കാത്തതിന് പിഴ ലഭിച്ചത്. 

മുംബൈ പോലീസില്‍ നിന്നും സെന്‍ട്രല്‍ ആന്‍ഡ് വെസ്‌റ്റേണ്‍ റെയില്‍വേയില്‍ നിന്നുള്ള പിഴ കണക്കുകള്‍ ശേഖരിച്ച് ചൊവ്വാഴ്ച മുതല്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പ്രസിദ്ധീകരിക്കാനും ആരംഭിച്ചു. റെയില്‍വെ ഇതു വരെ 91,800 രൂപ പിഴത്തുക ഈടാക്കിക്കഴിഞ്ഞു. പിഴ അടക്കാന്‍ പണമില്ലാത്തവര്‍ക്ക് തെരുവുകള്‍ ശുചിയാക്കുന്നതുള്‍പ്പെടെയുള്ള സാമൂഹികസേവനപരിപാടികള്‍ ചെറിയ ശിക്ഷയായി നല്‍കുകയും ചെയ്യുന്നുണ്ട്. 

രോഗവ്യാപനനിരക്ക് വീണ്ടുമുയര്‍ന്നതോടെ മഹാരാഷ്ട്രയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നിര്‍ദേശം നല്‍കി. അടുത്ത എട്ട് ദിവസത്തെ സാഹചര്യം നിരീക്ഷിച്ച ശേഷം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും താക്കറെ വ്യക്തമാക്കി. 

 

Content Highlights: BMC collected Rs 30 crore in fines from face mask rule offenders since April 2020