ന്യൂഡല്‍ഹി: ഒരൊറ്റ സൂം കോളില്‍ 900 ജീവനക്കാരെ പിരിച്ചുവിട്ട നടപടി അബദ്ധമായിപ്പോയെന്ന് ബെറ്റര്‍ ഡോട്ട് കോം സിഇഒ വിശാല്‍ ഗാര്‍ഗ്‌ബെറ്റര്‍. കമ്പനി ഇറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ ജീവനക്കാരോട് അദ്ദേഹം മാപ്പ് ചോദിച്ചു. 

സൂം കോളില്‍ ജീവനക്കാരെ പിരിച്ചുവിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് കമ്പനി സിഇഒയ്‌ക്കെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. 

ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള വാര്‍ത്ത പുറത്തുവിട്ട രീതി തെറ്റായിപ്പോയി. അതൊരു മോശം സാഹചര്യത്തെ കൂടുതല്‍ മോശമാക്കി. ജീവനക്കാരെ പുറത്താക്കിയ രീതി വിഷമകരമായ സാഹചര്യം സൃഷ്ടിച്ചെന്ന് ഞാന്‍ മനസ്സിലാക്കുന്നു. വിപണി, ജീവനക്കാരുടെ പ്രകടനം, ഉത്പാദന ക്ഷമത എന്നിവയാണ് തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍. ജീവനക്കാരോട് ക്ഷമ ചോദിക്കുന്നെന്നും വിശാല്‍ പറഞ്ഞു. 

കഴിഞ്ഞയാഴ്ചയാണ് ബെറ്റര്‍ ഡോട്ട് കോം സിഇഒ വിശാല്‍ ഗാര്‍ഗ്‌ബെറ്റര്‍ സൂം കോളിലൂടെ ജീവനക്കാരെ പിരിച്ചുവിട്ടത്. ഡിസംബര്‍ ഒന്നിനായിരുന്നു സംഭവം. ഇന്ത്യയിലേയും അമേരിക്കയിലേയും ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. 

സൂം കോളില്‍ പങ്കെടുത്തിരുന്ന ഒരാള്‍ ഇത് റെക്കോര്‍ഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കമ്പനിയുടെ ആകെ ജീവനക്കാരില്‍ ഒമ്പത് ശതമാനം പേര്‍ക്കാണ് അന്ന് ഒരൊറ്റ കോളില്‍ ജോലി നഷ്ടമായത്.