ന്യൂഡല്‍ഹി: കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ബ്ലൂവെയ്ല്‍ പോലെയുള്ള ഗെയിമുകള്‍ രാജ്യത്ത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഐ.ടി - ഇലക്ട്രോണിക്സ് മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്ലൂവെയ്ല്‍ ഗെയിം പ്രചരിക്കുന്നത് തടയാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലുള്ള കൗമാരക്കാരന് അടക്കമുള്ളവര്‍ ബ്ലൂവെയ്ല്‍ ഗെയിമിന്റെ പ്രേരണയില്‍ ആത്മഹത്യ ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബ്ലൂവെയ്ല്‍ ഗെയിം സംബന്ധിച്ച നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിര്‍ദ്ദേശം എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫെയ്സ്ബുക്ക്, യാഹു തുടങ്ങിയ എല്ലാ കമ്പനികള്‍ക്കും ബ്ലൂവെയ്ല്‍ ഗെയിമിലേക്ക് നയിക്കുന്ന ലിങ്കുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബ്ലൂവെയ്ലിലേക്കോ സമാനമായ മറ്റ് ഗെയിമുകളിലേക്കോ നയിക്കുന്ന ലിങ്കുകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
അപകടകരമായ ബ്ലൂവെയ്ല്‍ ഗെയിം ലോകമെമ്പാടും130 ഓളം കൗമാരക്കാരുടെ ജീവനെടുത്തുവെന്നാണ് കണക്കുകള്‍.
തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ കൗമാരക്കാരന്റെ ആത്മഹത്യയാണ് കേരളത്തില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജൂലായ് 30 ന് മുംബൈയില്‍ 14 കാരനായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് ബ്ലൂവെയ്ല്‍ കെണിയില്പ്പെട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മണിപ്പുര്‍ മുന്‍ മന്ത്രിയുടെ ഡെല്‍ഹിയില്‍ ഫ്ളാറ്റിന് മുകളില്‍നിന്ന് ചാടി മരിച്ച സംഭവത്തിന് പിന്നിലും ബ്ലൂവെയ്ല്‍ ഗെയിമാണെന്നാണ് സൂചന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..