അസം ഖാൻ | Photo: P.T.I.
ലഖ്നൗ: ഉത്തര്‍പ്രദേശിലെ റാംപുരിലുള്ള മുഹമ്മദ് അലി ജോഹര്‍ സര്‍വകലാശാലയുടെ പ്രധാന കവാടം പൊളിച്ചുനീക്കണമെന്ന് കോടതി ഉത്തരവ്. സമാജ്വാദി പാര്‍ട്ടി എംപി അസം ഖാനും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട ട്രസ്റ്റിന്റെ നിയന്ത്രണത്തില്‍ ഉള്ളതാണ് യൂണിവേഴ്സിറ്റി.
നിയമ വിരുദ്ധമായാണ് കവാടം നിര്‍മിച്ചിരിക്കുന്നതെന്ന് കോടതി കണ്ടെത്തി. പിഴയായി 1,63,80000 രൂപ അടയ്ക്കാനും കോടതി നിര്‍ദേശിച്ചു. കവാടം പൊളിക്കുന്നതിനു കാലതാമസമുണ്ടായാല്‍ സര്‍വകലാശാല ഭരണസമിതി 4,55,000 രൂപ വീതം ഓരോ മാസവും അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച പ്രധാന കവാടത്തിന്റെ ഒരു ഭാഗം ഫെബ്രുവരിയില്‍ പൊളിച്ചിരുന്നു. കൃഷിഭൂമിയിലേക്ക് പോകുന്നതിനായി കര്‍ഷകര്‍ക്കു വഴി നല്കുന്നതിനു വേണ്ടിയായിരുന്നു ഇത്.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജെ.പി. ഗുപ്തയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൗലാനാ മുഹമ്മദ് അലി ജോഹര്‍ ട്രസ്റ്റിന്റെ 173 ഏക്കര്‍ ഭൂമി രാംപുര്‍ ജില്ലാ ഭരണകൂടം ഈ വര്‍ഷമാദ്യം റെവന്യൂ രേഖകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
സര്‍വകലാശാലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പിഴയായി 2.72 കോടി രൂപയും സെസ്സായി 1.36 കോടി രൂപയും ഈടാക്കണമെന്ന വിധിയെ ചോദ്യം ചെയ്ത് നല്കിയ റിട്ട് ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു.
നൂറിലധികം കേസുകളുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരി മുതല്‍ തിഹാര്‍ ജയിലിലാണ് അസം ഖാന്. ഭൂമി കൈയേറ്റം, വഞ്ചന, പ്രതിമ മോഷണം, ആട് - പോത്ത് മോഷണം, വൈദ്യുതി മോഷണം എന്നിവ അടക്കമുള്ള കേസുകളാണ് അസം ഖാന്, ഭാര്യ തന്‍സീന്‍ ഫാത്തിമ, മകന് അബ്ദുള്ള അസം എന്നിവര്‍ക്ക് എതിരെയുള്ളത്. കോവിഡ് ബാധിച്ച് ദീര്‍ഘകാലം ചികിത്സയില്‍ കഴിഞ്ഞ അസം ഖാന് ജൂലായ് 13-ന് ആശുപത്രി വിട്ടിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: blow to azam khan illegal main gate of jauhar university to be demolished
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..