ന്യൂഡല്‍ഹി: 2019-ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ സമ്പത്തില്‍ 1650 കോടി ഡോളറിന്റെ (ഏകദേശം 1.17 ലക്ഷം കോടി രൂപ) വര്‍ധനവ്. ഇതോടെ മുകേഷ് അംബാനിയുടെ ആകെ സമ്പത്ത് 6100 കോടി ഡോളറായെന്നും ബ്ലൂംബേര്‍ഗ് ബില്യനേഴ്‌സ് സൂചികയില്‍ വ്യക്തമാക്കുന്നു. 

ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കഴിഞ്ഞവര്‍ഷം സ്ഥിരതയുള്ള മുന്നേറ്റം നടത്താനായതാണ് മുകേഷ് അംബാനിയുടെ സമ്പത്ത് വര്‍ധിക്കാനുള്ള പ്രധാന കാരണം. കഴിഞ്ഞവര്‍ഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവിലയില്‍ 41 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. 

ബ്ലൂംബേര്‍ഗ് ബില്യനേഴ്‌സ് സൂചിക പ്രകാരം നിലവില്‍ ലോകത്തിലെ ധനികരില്‍ 12-ാം സ്ഥാനത്താണ് മുകേഷ് അംബാനി. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് പട്ടികയില്‍ ഒന്നാമത്(11300 കോടി ഡോളര്‍). ഈ വര്‍ഷം 2200 കോടി ഡോളറിന്റെ വര്‍ധനവാണ് ബില്‍ ഗേറ്റ്‌സിന്റെ സമ്പത്തില്‍ രേഖപ്പെടുത്തിയത്. അതേസമയം, രണ്ടാമത്തെ ധനികനായ ആമസോണ്‍ സിഇഒ ജെഫ് ബെസോസിന്റെ സമ്പത്തില്‍ ഈ വര്‍ഷം 1300 കോടി ഡോളര്‍ കുറയുകയും ചെയ്തു. 

വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി(63-ാം സ്ഥാനം) എച്ച്‌സിഎല്‍ സ്ഥാപകനും ചെയര്‍മാനുമായ ശിവ് നാടാര്‍ (88-ാം സ്ഥാനം) കൊട്ടക്ക് മഹീന്ദ്ര ബാങ്ക് എം.ഡി. ഉദയ് കൊട്ടക്ക് (95-ാം സ്ഥാനം) എന്നിവരാണ് ബ്ലൂംബേര്‍ഗ് ബില്യനേഴ്‌സ് പട്ടികയിലെ ആദ്യ നൂറില്‍ ഇടംപിടിച്ച മറ്റു ഇന്ത്യക്കാര്‍. 

Content Highlights: bloomberg billionaires index; in 2019 mukesh ambani added 16.5 billion dollar into his wealth