ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തിള്‍ ശക്തമായ തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പോലീസ്. സംഭവ സമയത്ത് പ്രദേശത്തെ സിസിടിവി ക്യാമറകളിൽ ഭൂരിഭാഗവും പ്രവര്‍ത്തന രഹിതമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിലെ അന്വേഷണ സംഘം എംബസിക്ക് സമീപമുള്ള സ്ഥലം സന്ദര്‍ശിച്ചിരുന്നു.

ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ, എംബസിക്ക് സമീപമുള്ള പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് പോലീസ് റിപ്പോർട്ട്. സ്ഫോടനത്തിന് തൊട്ടുമുമ്പ് എംബസിക്ക് സമീപം ഒരു വാഹനം സംശയാസ്പദമായി നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഫോറന്‍സിക് വിദഗ്ദ്ധര്‍ സംഭവം നടന്ന സ്ഥലത്ത് നിന്ന് ചില സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഐഇഡി തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥലത്ത് നിന്ന് ബോള്‍ ബെയറിംഗുകള്‍ ലഭിച്ചതും സ്‌ഫോടനത്തിന്റെ ആഘാതം 20-25 മീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടതായുമാണ് വിവരം. 

വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഇസ്രയേല്‍ എംബസിക്ക് സമീപത്തെ എ.പി.ജെ. അബ്ദുള്‍ കലാം റോഡിലായിരുന്നു സ്ഫോടനം. സ്‌ഫോടനത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പ്രദേശം പരിശോധിച്ചിരുന്നു. പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞനിലയിലായിരുന്നു സ്ഫോടകവസ്തു.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ ഉല്‍ ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തിരുന്നു. തുടക്കം മാത്രമാണിതെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്. ജയ്ഷെ ഉല്‍ ഹിന്ദിന്റെ അവകാശവാദം പരിശോധിക്കുമെന്ന് എന്‍ഐഎയും വ്യക്തമാക്കി.

Content Highlights: Blast near Israel Embassy: Police team visits site, finds most CCTVs 'non-functional'