ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. മുപ്പതോളം പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. മരിച്ചവരില്‍ ഗര്‍ഭിണിയും കോളേജ് വിദ്യാര്‍ഥിനിയുമുള്‍പ്പെടുന്നു. 

കത്തിക്കരിഞ്ഞ നിലയിലുള്ള 13 മൃതദേഹങ്ങളാണ് തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്. തിരിച്ചറിയാനുള്ള മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സാത്തൂരിനടുത്ത് അച്ചന്‍കുളം ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീ മാരിയമ്മാള്‍ ഫയര്‍ വര്‍ക്‌സ് എന്ന സ്വകാര്യ പടക്കനിര്‍മാണശാലയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. സ്ഫോടനത്തില്‍ പടക്കനിര്‍മാണം നടന്നിരുന്ന പത്ത് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. അന്‍പതോളം തൊഴിലാളികളാണ് ഈസമയം ജോലിയിലുണ്ടായിരുന്നത്. ഇവരില്‍ പകുതിയോളവും സ്ത്രീകളാണെന്നാണ് അറിയുന്നത്. ഒന്‍പതുപേര്‍ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. 

പരിക്കേറ്റവരെ സാത്തൂര്‍, ശിവകാശി, മധുര എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിരുദുനഗര്‍, സാത്തൂര്‍, വെമ്പക്കോട്ടൈ എന്നിവിടങ്ങളില്‍നിന്ന് എത്തിയ അഗ്നിരക്ഷാ സേന യൂണിറ്റുകള്‍ നാലുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. വെടിമരുന്നിന് തീപ്പിടിച്ച് സ്‌ഫോടനമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. നിയമവിരുദ്ധമായി പലര്‍ക്കും ഉപകരാറുകള്‍ കൊടുത്ത് അനധികൃതമായാണ് പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. അനുവദനീയമായതിലും കൂടുതല്‍ പേര്‍ ഇവിടെ ജോലി ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പടക്കനിര്‍മാണ ശാലയുടെ ലൈസന്‍സ് ഉടമ സന്താനമാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍പ്പോയ ഇവരെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതായി പോലീസ് അറിയിച്ചു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സഹായധനം പ്രഖ്യാപിച്ചു

സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും അനുവദിച്ചു. മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് മൂന്നുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവും സഹായധനം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും പ്രഖ്യാപിച്ചു.

Content Highlights: blast in fireworks company in tamilnadu death toll rises