മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘട്ടില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. മുംബൈയില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. ശനിയാഴ്ച രാത്രി 7.20 ഓടെയായിരുന്നു സംഭവം.
പൊട്ടിത്തെറി നടന്ന വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന യൂണിറ്റുകളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അപകടസ്ഥലത്ത് തിരച്ചില്‍ തുടരുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
പാല്‍ഘട്ട് ബോയിസറിലെ കോല്‍വാഡ ഗ്രാമത്തില്‍ ആങ്ക് ഫാര്‍മയുടെ ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. 15 കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായെന്നും സമീപത്തെ വീടുകളിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നുവീണതായുമാണ് റിപ്പോര്‍ട്ട്. അതേസമയം, പൊട്ടിത്തെറിയുടെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഞ്ചുലക്ഷം രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
Content Highlights: blast in chemical factory in palghar maharashtra, deaths reported