റായ്പുര്‍: ഛത്തീസ്ഗഢിലെ റായ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം. ശനിയാഴ്ച രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. 

സിആര്‍പിഎഫ് 211 ബറ്റാലിയനിലെ ജവാന്മാര്‍ക്കാണ് പരിക്കേറ്റത്. ഝര്‍സുഗുഡയില്‍ നിന്ന് ജമ്മുവിലേക്ക്‌ പോകുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ജവാന്മാര്‍ സഞ്ചരിച്ച സ്‌പെഷ്യല്‍ ട്രെയിന്‍. ഇവരുടെ പക്കലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കളടങ്ങിയ പെട്ടി താഴെ വീണതിനെ തുടര്‍ന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സിആര്‍പിഎഫ് ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്കെത്തിയിട്ടുണ്ട്.