മുംബൈ: കര്‍ഷക പ്രക്ഷോഭത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ലതാ മങ്കേഷ്‌കര്‍, സച്ചിന്‍ എന്നീ പ്രമുഖരുടെ യശസ്സ് കേന്ദ്രം ഇല്ലാതാക്കരുതായിരുന്നുവെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടതാണെന്നും രാജ്യവുമായി അതിന് ബന്ധമില്ലെന്നും രാജ് താക്കറെ പറഞ്ഞു. 

'ഇവരെല്ലാം വലിയ വ്യക്തിത്വങ്ങളാണ്. അവരോടെല്ലാം ട്വീറ്റ് ചെയ്യാനും ഹാഷ്ടാഗ് ഉപയോഗിക്കാനും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഈ വ്യക്തികളുടെ യശസ്സ് കവര്‍ന്നെടുക്കാന്‍ പാടില്ലായിരുന്നു' - രാജ് താക്കറെ മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കര്‍ഷക പ്രതിഷേധ വിഷയങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരുമായാണ് ബന്ധം. രാജ്യവുമായി യാതൊരു ബന്ധവുമില്ല. ചൈനയില്‍ നിന്നോ പാകിസ്താനില്‍ നിന്നോ രാജ്യം അപകടം നേരിടുന്ന പോലെയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. 

അക്ഷയ് കുമാറിനെ പോലുള്ള താരങ്ങളെ കേന്ദ്രത്തിന് ഉപയോഗിക്കാം. ലതാ മങ്കേഷ്‌കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവര്‍ ഭാരത് രത്‌ന ജേതാക്കളാണ്. അവര്‍ വളരെ ലളിതമായ മനുഷ്യരാണ്. കേന്ദ്രം ആവശ്യപ്പെട്ടത് അനുസരിച്ചാണ് അവരെല്ലാം ട്വീറ്റ് ചെയ്തത്. അതിന്റെ പേരില്‍ അവരെല്ലാം ട്രോളിന് ഇരയാവുകയാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

content highlights: Blame Centre For Lata Mangeshkar, Sachin Tendulkar Being Trolled: Raj Thackeray