തിരുവനന്തപുരം: നിയമസഭയില്‍ പികെ കുഞ്ഞാലിക്കുട്ടിയും കെടി ജലീലും തമ്മില്‍ വാക്‌പോര്. കുഞ്ഞാലിക്കുട്ടിയുടെ മകന് മലപ്പുറം സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ജലീലിന്റെ ആരോപണമാണ് വാക്‌പോരിന് വഴിവെച്ചത്. സഭയില്‍ വായില്‍ തോന്നിയ കാര്യങ്ങള്‍ വിളിച്ചുപറയരുതെന്ന് കുഞ്ഞാലിക്കുട്ടി മുന്‍മന്ത്രിക്ക് മറുപടിയും നല്‍കി. 

കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നാണ് ജലീല്‍ സഭയില്‍ ആരോപിച്ചത്. മലപ്പുറം സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചവരില്‍ ആദ്യപേരുകാരന്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖാണെന്നും ധനാഭ്യര്‍ഥനകളിന്‍മേലുള്ള ചര്‍ച്ചക്കിടെ ജലീല്‍ ആരോപിച്ചു. 

പാലാരിവട്ടംപാലം അഴിമതിയുടെ ഓഹരിയും മലപ്പുറത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എന്‍ഫോഴ്ന്‍മെന്റ് ഡയറക്ടറേറ്റ് പാണക്കാട്ടെത്തി. ഇതിന് കാരണവും കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം നിങ്ങള്‍ എന്റെ പിന്നിലായിരുന്നു. ഈ അഞ്ചു വര്‍ഷം ഞാന്‍ നിങ്ങള്‍ക്ക് പിന്നിലുണ്ടാകുമെന്നും ജലീല്‍ സഭയില്‍ പറഞ്ഞു.  

അതേസമയം ആരോപണത്തില്‍ പ്രകോപിതനായ കുഞ്ഞാലിക്കുട്ടി, വായില്‍ തോന്നിയത് വിളിച്ചുപറയരുതെന്ന് ജലീലിന് മറുപടിയും നല്‍കി. തന്നെക്കുറിച്ച് പറഞ്ഞാല്‍ ശ്രദ്ധകിട്ടും എന്നതുകൊണ്ടാണ് എല്ലാ പ്രശ്‌നത്തിലും പുട്ടിന് തേങ്ങ എന്നതുപോലെ ജലീല്‍ തന്റെ പേരുപറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

മകന്റേത് കള്ളപ്പണമല്ല. എന്‍ആര്‍ഐ അക്കൗണ്ടിലുള്ള നിക്ഷേപമാണ്. ഇതിനുള്ള വക മകനുണ്ട്. ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നിക്ഷേപത്തിന്റെഎല്ലാ രേഖകളും കൈവശമുണ്ട്. എന്നാല്‍ രേഖകളൊന്നും ജലീലിനെ ഏല്‍പ്പിക്കില്ല. സഭാധ്യക്ഷന്‌ മുന്നില്‍ ഇവയെല്ലാം ഹാജരാക്കാന്‍ തയ്യാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

content highlights: black money investment allegation against kunhalikutty's son