ന്യൂഡല്‍ഹി: ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് കേസുകള്‍ 45 000 കടന്നു. ജൂലായ് 15 വരെയുള്ള കണക്ക് പ്രകാരം 45,432 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം തരംഗത്തിലാണ് രാജ്യത്ത് ഏറെ പേര്‍ ബ്ലാക്ക് ഫംഗസ് ബാധിതരായത്. രാജ്യത്ത് ഗുജറാത്തിലാണ് ആദ്യമായി ബ്ലാക്ക് ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. 21,085 പേര്‍ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലാണ്. 4252 ജീവനുകള്‍ ബ്ലാക്ക് ഫംഗസ് മൂലം പൊലിഞ്ഞു.  രോഗബാധിരായവരില്‍ 84.4 ശതമാനം പേരും മുന്‍പ് കോവിഡ് ബാധിതരായവരാണ്. 

മറ്റ് രോഗങ്ങള്‍ ഏറെ അലട്ടുന്നവരിലാണ് ബ്ലാക്ക് ഫംഗസ് ഏറെയും പിടിമുറുക്കുന്നത്. പ്രമേഹം, കാന്‍സര്‍ മുതലായ രോഗങ്ങള്‍ ഉള്ളവരില്‍ രോഗം സങ്കീര്‍ണമാക്കാനുള്ള സാധ്യത ഏറെയാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കൂടുതലും മ്യൂക്കോര്‍മൈക്കോസിസ് എന്നറിയപ്പെടുന്ന ബ്ലാക്ക് ഫംഗസിന് ഇരയാകുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ നിരവധി പഠനങ്ങള്‍ക്കൊടുവിലാണ് ബ്ലാക്ക് ഫംഗസിനുള്ള ചികിത്സാ രീതിയും മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കിയത്. 

രോഗത്തിനുള്ള മരുന്നായ ആംഫോടെറിസിന്‍ ബി പധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന പ്രകാരം കുറഞ്ഞ വിലയ്ക്ക് നല്‍കുന്നുണ്ട്. സമീപകാലത്ത് മരുന്ന് കരിഞ്ചന്തയില്‍ ഏറെ വില്‍ക്കപ്പെടുന്നതായും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതായും കണ്ടെത്തിയിരുന്നു. മരുന്ന് രോഗികളില്‍ ഫലം ചെയ്യപ്പെടുന്നുണ്ടെങ്കിലും മരുന്ന് വൃക്കയുടെ പ്രവര്‍ത്തനത്തില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങള്‍ മൂലം കരുതി ഉപയോഗിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി  പറഞ്ഞു.

മ്യൂക്കോര്‍മൈക്കോസിസ് രോഗങ്ങളും മരണങ്ങളും സ്ഥിരീകരിക്കുന്നതിനായി ആരോഗ്യമന്ത്രാലയം കേന്ദ്രഭരണപ്രദേശങ്ങളോടും സംസ്ഥാനങ്ങളോടും കോവിഡ് കണക്കുകള്‍ ഇന്ത്യയുടെ കോവിഡ് പോര്‍ട്ടലില്‍ രേഖപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. രോഗം ചികില്‍സിക്കാനാവശ്യമായ മരുന്ന് രാജ്യത്ത് മതിയായ അളവില്‍ ഉണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി  കൂട്ടിച്ചേര്‍ത്തു. മരുന്നിന് ക്ഷാമമുണ്ടാക്കുമോ എന്ന ചോദ്യത്തിന് മേയില്‍ നിര്‍മാതാക്കളില്‍ നിന്നും സ്റ്റോക്കുകളെപ്പറ്റി മുഴുവന്‍ വിവരങ്ങളും ശേഖരിച്ചുവെന്നും, അതിനാല്‍ മരുന്ന് ക്ഷാമം ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു. 

ഡിപ്പാര്‍ട്ട്‌മെന്റ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ്, സെന്‍ട്രല്‍ ഡ്രഗസ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവര്‍ ആംഫോടെറിസിന്‍ ബി മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നുണ്ട്. യു.എസിലുള്ള മൈലാന്‍ ലാബില്‍ നിന്നുമുള്ള മരുന്നിന്റെ ഇറക്കുമതി കൂട്ടാന്‍ ഇന്ത്യന്‍ എംബസി ശ്രമങ്ങള്‍ തുടരുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓരേ സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസിന്റെ അളവനുസരിച്ചാണ് മരുന്ന് വിതരണം. വിതരണ മേല്‍നോട്ടത്തിന്റെ ചുമതല നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് അതോറിറ്റിക്കാണ്.

 

Content Highlights: black fungus case in india reach 45,000