കൊല്‍ക്കത്ത: ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവായ മുകുള്‍ റോയിയെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ബംഗാള്‍ ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. 

ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായും സുവേന്ദു അധികാരി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എംഎല്‍എമാര്‍ പാര്‍ട്ടിമാറുന്നത് തടയാന്‍ സംസ്ഥാനത്ത് കൂറുമാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഗവര്‍ണറെ ധരിപ്പിച്ചു. 

സ്വപന്‍ ദാസ്ഗുപ്ത, അമിത് മാളവ്യ തുടങ്ങിയ ബിജെപി നേതാക്കളും മുകുള്‍ റോയി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

ബിജെപി ദേശീയ ഉപധ്യക്ഷനായിരുന്ന മുകുള്‍ റോയി കഴിഞ്ഞ ആഴ്ചയാണ് പാര്‍ട്ടിവിട്ട് തൃണമൂലിലേക്ക് ചേക്കേറിയത്. നാല് വര്‍ഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ചാണ് അദ്ദേഹം തൃണമൂലിലേക്ക് തിരിച്ചെത്തിയിരുന്നത്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ കൃഷ്ണനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് മുകുള്‍ റോയ് നിയമസഭയിലേക്കെത്തിയത്.

content highlights: BJPs Suvendu Adhikari demands disqualification of Mukul Roy as MLA