ലഖ്‌നൗ: അലിഗഢ് മുസ്‌ലിം സര്‍വകലാശാലക്കുള്ളില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി യുവ മോര്‍ച്ച രംഗത്ത്. യുവമോര്‍ച്ച അലിഗഢ് ജില്ലാ അധ്യക്ഷന്‍ മുകേഷ് സിങ് സോധി ഇക്കാര്യം ആവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ താരിഖ് മന്‍സൂറിന് കത്ത് നല്‍കി. 15 ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം വേണമെന്ന് അന്ത്യശാസനം നല്‍കിയിട്ടുണ്ട് കത്തില്‍. ഇല്ലെങ്കില്‍ ആയിരകണക്കിന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശക്തി പ്രയോഗിച്ച് ഇത് നടപ്പിലാക്കും.

മുസ്‌ലിങ്ങളും ഹിന്ദുക്കളും അലിഗഢ് സര്‍വകലാശാലയുടെ രണ്ടു കണ്ണുകളാണെന്നാണ് സര്‍വകലാശാല സ്ഥാപകനായ സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ പറഞ്ഞിരുന്നത്. ഇതൊരു പ്രേരക ശക്തിയായി കണ്ട് വൈസ് ചാന്‍സിലര്‍ ക്യാമ്പസിനുള്ളില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കണം.

ആയിരകണക്കിന് ഹിന്ദു വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയില്‍ പഠിക്കുന്നത്. പ്രാര്‍ഥിക്കാന്‍ ക്ഷേത്രമില്ലാത്തതിന്റെ അഭാവം അവരെ അലട്ടുന്നുണ്ട്. വൈസ് ചാന്‍സിലര്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയാല്‍ രാജ്യത്തെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ശക്തി വെളിപ്പെടുത്തുന്നതിനും രാജ്യത്തിന് നല്ലൊരു സന്ദേശം നല്‍കാനും സാധിക്കുമെന്നും യുവമോര്‍ച്ച അധ്യക്ഷന്റെ കത്തില്‍ പറയുന്നു. 

അതേ സമയം കത്തിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ അലിഗഢ് സര്‍ലകലാശാല അധികൃതര്‍ തയ്യാറായില്ല.

Content Highlights: BJP youth wing demands temple on AMU campus, gives 15-day ultimatum