കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത കൊല്‍ക്കത്തയിലെ റാലിക്ക് പോയവരും 'ഗോലി മാരോ' (ദേശദ്രോഹികളെ വെടിവെച്ചു കൊല്ലൂ) മുദ്രാവാക്യം മുഴക്കിയെന്ന് പരാതി. റാലി നടന്ന ഷാഹിദ് മിനാര്‍ ഗ്രൗണ്ടിലേക്ക് ബിജെപിയുടെ കൊടികളുമായി പോയവരാണ് വിവാദ മുദ്രാവാക്യം മുഴക്കിയതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കൊല്‍ക്കത്ത പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. എന്നാല്‍ നഗരത്തിലെ ക്രമസമാധാന നില തകര്‍ക്കാര്‍ ആരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

വിദ്വേഷ പ്രസംഗങ്ങളും 'ഗോലി മാരോ' മുദ്രാവാക്യങ്ങളുമാണ് ഡല്‍ഹി കലാപത്തിന് വഴിവെച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെയാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ വിവാദ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്.

Content Highlights: BJP workers raise 'goli maro...' slogan en route to Amit Shah's rally in Kolkata