ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയില്‍ വ്യാജ ഭീകരാക്രമണം നടത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകരേയും അവരുടെ സുരക്ഷാ ചുമതലയുണ്ടായിരുന്നു രണ്ട് പോലീസുകാരേയും അറസ്റ്റ് ചെയ്തു. കൂടുതല്‍ സുരക്ഷാ അകമ്പടി കിട്ടാനും മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനുമായിട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ സ്വയം ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

ഇഷ്ഫാഖ് അഹമ്മദ്, ബഷ്‌റാത് അഹമ്മദ് എന്നീ രണ്ട് ബിജെപി പ്രവര്‍ത്തകരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് പിടിയിലായത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം തങ്ങള്‍ക്ക് നേരെ തോക്കുധാരികള്‍ ആക്രമണം നടത്തിയതായി ഇവര്‍ ആരോപിച്ചിരുന്നു. ഇഷ്ഫാഖ് അഹമ്മദിന് കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പോലീസിന് ഇത് ഒരു കെട്ടിച്ചമച്ച ആക്രമണമാണെന്ന് ബോധ്യപ്പെട്ടു.

ബിജെപി ജില്ലാ അധ്യക്ഷന്‍ മുഹമ്മദ് ഷാഫി മിറിന്റെ മകനാണ് ഇഷ്ഫാഖ് അഹമ്മദ്. സംഭവത്തില്‍ മിറിനേയും മകനേയും ബഷ്‌റാത് അഹമ്മദിനേയും ബിജെപി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി പാര്‍ട്ടി അന്വേഷണവും പ്രഖ്യാപിച്ചു.

ഏപ്രില്‍ മെയ് മാസങ്ങളിലായി രണ്ട് ബിജെപി പഞ്ചായത്ത് അംഗങ്ങളെ കവര്‍ച്ചാ റാക്കറ്റ് നടത്തിയതിന്‌ പിടികൂടിയിരുന്നു. തീവ്രവാദികളായി ചമഞ്ഞ് വ്യാപാരികളില്‍ നിന്നും ആപ്പിള്‍ ഡീലര്‍മാരില്‍ നിന്നും പണം തട്ടിയെടുത്തതിനാണ് ഇവര്‍ പിടിയിലായത്.

കഴിഞ്ഞ വര്‍ഷം മറ്റൊരു ബിജെപി നേതാവ് താരിഖ് അഹമ്മദ് മിറിനെ തീവ്രവാദ ബന്ധത്തിന്റേ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഹിസ്ബുള്‍ മുജാഹിദീന് ആയുധം നല്‍കിയെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള ആരോപണം. 2020 ജനുവരിയില്‍ ഹിസ്ബുള്‍ തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിങിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു താരിഖ് അഹമ്മദ് മിറിനെ പിടികൂടിയത്.