പുണെ: പുണെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്ഷേത്രം പണിത് ബിജെപി പ്രവര്‍ത്തകന്‍. 37 കാരനായ മയൂര്‍ മുണ്ഡെയാണ് പുണെയിലെ അന്ധ് മേഖലയില്‍ മോദിക്കായി പ്രത്യേക ക്ഷേത്രം നിര്‍മിച്ചത്. 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ആദരമായാണ് പ്രധാനമന്ത്രിയുടെ പേരില്‍ സ്വന്തം സ്ഥലത്ത് ക്ഷേത്രം പണിതതെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്റ് കൂടിയായ മയൂര്‍ പറഞ്ഞു. 

'പ്രധാനമന്ത്രിയായ ശേഷം മോദി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. രാമക്ഷേത്ര നിര്‍മാണം, ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് തുടങ്ങിയ പ്രശ്‌നങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്തു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ച വ്യക്തിക്ക് ഒരു ക്ഷേത്രം വേണമെന്ന് തോന്നിയതിനാലാണ് സ്വന്തം സ്ഥലത്ത് മോദിക്കായി ക്ഷേത്രം നിര്‍മിച്ചത്'- മയൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

മോദിയുടെ ശില്‍പമാണ് ക്ഷേത്രത്തിനകത്തുള്ളത്. ജയ്പൂരില്‍ നിന്നെത്തിച്ച ചുവന്ന മാര്‍ബിള്‍ ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഏകദേശം 1.6 ലക്ഷം രൂപയോളം നിര്‍മാണത്തിനായി ചെലവായി. മോദിക്കായി തയ്യാറാക്കിയ ഒരു കവിതയും ക്ഷേത്രത്തിന് സമീപം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും മയൂര്‍ വ്യക്തമാക്കി. 

content highlights: BJP worker in Pune builds temple for Modi