പ്രശാന്ത് ഭൂഷൺ
കോഴിക്കോട്: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 200 സീറ്റുകളിലൊതുങ്ങുമെന്ന് അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ പ്രശാന്ത് ഭൂഷൺ. വരുന്ന തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് 100 സീറ്റെങ്കിലും കുറയുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വച്ച് മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കർണാടക, ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ ബി.ജെ.പിയുടെ സീറ്റ് ഗണ്യമായി കുറയുമെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഇതിനു പുറമെ യു.പി, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ സീറ്റുകളിൽ നഷ്ടമുണ്ടാകും. അധികാരം നിലനിർത്താൻ ബി.ജെ.പിക്ക് സാധിക്കുമെന്ന് കരുതുന്നില്ല. പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ബി.ജെ.പി അധികാരത്തിലെത്തുന്ന സാഹചര്യമുണ്ടായാൽ പ്രധാനമന്ത്രിയായി മോദിയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തിൽ നിധിൻ ഗഡ്കരിയെ പോലെയൊരാൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ആദ്യ പരിഗണന മോദിയ്ക്കാണെന്ന് തീർത്ത് പറയാനാകില്ല. പ്രതിച്ഛായ വർധിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളാണ് മുന്നിട്ട് നിൽക്കുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത് തിരിച്ചടിയാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർണാടക തിരഞ്ഞെടുപ്പ് കോൺഗ്രസിന് പുതിയ ഊർജം പകർന്നു. നിരാശരായിരുന്ന പ്രവർത്തകർക്കിടയിൽ വിജയിക്കാമെന്ന ആത്മവിശ്വാസം സൃഷ്ടിക്കുന്നതിന് തിരഞ്ഞെടുപ്പ് ഫലം സഹായിച്ചു. വരാനിരിക്കുന്നു തിരഞ്ഞെടുപ്പുകളിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകും. അതേസമയം കർണാടകത്തിലുണ്ടായ പരാജയം ബി.ജെ.പി പ്രവർത്തകരെ ഒരു പരിധി വരെ തളർത്തിയിട്ടുണ്ട്. നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പുകൾ വിജയിപ്പിക്കാൻ കഴിയുമെന്ന വിശ്വാസം തകർന്നതായും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിന് ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യമുണ്ടാകുമെന്ന് തീർത്ത് പറയാനാകില്ല. പ്രതിപക്ഷ ഐക്യമില്ലാത്ത സാഹചര്യത്തിലും ബംഗാളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ തൃണമൂൽ കോൺഗ്രസിന് സാധിച്ചു. പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ചില തന്ത്രങ്ങൾ ആവശ്യമാണെന്നത് വ്യക്തമാണ്. പ്രാദേശിക പാർട്ടികളോട് കോൺഗ്രസ് ഉദാരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മാധ്യമങ്ങളെ വേട്ടയാടുന്നു. സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ പോലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് തെറ്റാണ്. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുന്ന നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: BJP won't cross 200 seats in Lok Sabha elections says Prashant Bhushan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..