വിജയ പ്രഖ്യാപനത്തിന് ശേഷം അനുയായികൾക്കൊപ്പം റോഡിലിറങ്ങിയ ആകാശ് സക്സേന |ഫോട്ടോ:twitter.com/snikhil_social
രാംപുര്‍: ഉത്തര്‍പ്രദേശിലെ രാംപുര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എതിരാളികളെ ഞെട്ടിപ്പിക്കുന്ന വിജയം നേടിയിരിക്കുകയാണ് ബിജെപി. ബിജെപിയുടെ ആകാശ് സക്സേന സമാജ് വാദി പാര്‍ട്ടിയുടെ അസിം രാജയെ 34,136 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. രാംപുര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുസ്ലിം ഇതര സ്ഥാനാര്‍ഥി വിജയിക്കുന്നത്.
സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ കുത്തകയാണ് ആകാശ് സക്സേന പൊളിച്ചടുക്കിയത്. ഡിസംബര്‍ അഞ്ചിന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 34 ശതമാനത്തിനടുത്ത് മാത്രമായിരുന്നു പോളിങ് എന്നതും ശ്രദ്ധേയമാണ്. വിദ്വേഷ പ്രസംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അസംഖാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ രാംപുരില്‍ 1952-ന് ശേഷമുള്ള ആദ്യ മുസ്ലിം ഇതര എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചിരിക്കുകയാണ് ആകാശ് സക്സേന. കഴിഞ്ഞ 19 തവണയും മുസ്ലിം സ്ഥാനാര്‍ഥികളാണ് രാംപുരില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ഇതിനിടെ മുസ്ലിം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ പോലീസ് അനുവദിച്ചില്ലെന്ന ആരോപണവുമായി എസ്.പി. രംഗത്തെത്തിയിട്ടുണ്ട്. വ്യാഴാഴ്ച വോട്ടെണ്ണുന്ന ഘട്ടത്തില്‍ 18-ാം റൗണ്ട് വരെ നേരിയ ലീഡ് നിലനിര്‍ത്തിയ ശേഷമാണ് അസിം രാജ പിന്നോട്ടുപോയത്. ചരിത്രപരമായ തോല്‍വി ഉറപ്പിച്ച അസിം രാജ നിരാശയോടെ രാംപുര്‍ വോട്ടെണ്ണല്‍ കേന്ദ്രം വിട്ടു. 'ഇവിടെ തിരഞ്ഞെടുപ്പ് നടന്നില്ല... ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങളിലെ 252 ബൂത്തുകളില്‍ വോട്ടുചെയ്യാന്‍ പോലീസ് അനുവദിച്ചില്ല. 20% പോളിംഗ് മാത്രമാണ് അവിടെ രേഖപ്പെടുത്തിയത്', വീട്ടിലേക്ക് മടങ്ങുമ്പോള്‍ അസിം രാജ പറഞ്ഞു.
അഭിഭാഷകനായ ആകാശ് സക്സേന മുന്‍ മന്ത്രിയും സമീപ മണ്ഡലമായ സൗറിലെ എംഎല്‍എയുമായിരുന്ന ശിവ് ബഹദൂര്‍ സക്സേനയുടെ മകനാണ്. 'പുതിയ യുഗത്തിന്റെ ഉദയത്തിനാണ് നമ്മള് സാക്ഷ്യംവഹിക്കുന്നത്. ഏകദേശം 64% മുസ്ലീം വോട്ടര്‍മാര്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ വിശ്വാസം പ്രകടിപ്പിച്ചു. ഈ ഫലത്തോടെ, രാംപുരിലെ മാത്രമല്ല, യുപിയിലെ മുഴുവന്‍ മുസ്ലിങ്ങളും ഇപ്പോള്‍ സംസ്ഥാനത്ത് സുരക്ഷിതരാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്', ഫല പ്രഖ്യാപനത്തിന് ശേഷം ആകാശ് സക്സേന പറഞ്ഞു.
62.06 ശതമാനം വോട്ടുകള്‍ പിടിച്ച ആകാശ് സക്സേന 81432 വോട്ടുകളാണ് സ്വന്തമാക്കിയത്. 36.05 ശതമാനം വോട്ടുകള്‍ നേടിയ അസിംരാജയ്ക്ക് 47296 വോട്ടുകളാണ് നേടാനായത്. കോണ്‍ഗ്രസും ബിഎസ്പിയും മത്സരിച്ചില്ല. യുപിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ഖതൗലി ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാനായതാണ് എസ്.പിക്ക് ആശ്വാസം.
2002-മുതല്‍ അസംഖാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തുടര്‍ച്ചയായി രാംപുരില്‍ നിന്ന് വിജയിച്ചുവരികയായിരുന്നു. 1980 മുതല്‍ 1993 വരെ അസം ഖാന് തന്നെ വിവിധ പാര്‍ട്ടികളുടെ ടിക്കറ്റിലും വിജയിച്ചിട്ടുണ്ട്. അസംഖാന് ജയിലിലായതും ആകാശ് സക്സേന നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.
Content Highlights: BJP Wins In UP's Rampur, Dominated By Samajwadi's Azam Khan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..