തിരുവനന്തപുരം: 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം ആവര്‍ത്തിച്ചാല്‍ അവര്‍ ഇന്ത്യയെ 'ഹിന്ദു പാകിസ്താനാക്കുമെന്ന്‌ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം.

ഇന്ത്യയില്‍ വീണ്ടും ബിജെപി വിജയിച്ചാല്‍ അവര്‍ ഭരണഘടന തിരുത്തിയെഴുതും. അങ്ങനെ പൊളിച്ചെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കും. അതോടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും തരൂര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം ബിജെപിയെ കുറ്റപ്പെടുത്തിയത്. 

നിലവില്‍ 20-ല്‍ അധികം സംസ്ഥാനങ്ങള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഭരിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് രാജ്യസഭയില്‍ സമീപ ഭാവിയില്‍ തന്നെ ഭൂരിപക്ഷം കിട്ടുമെന്നും തരൂര്‍ പറഞ്ഞു.

എന്നാല്‍ ശശി തരൂരിന്റെ പ്രസ്താവനയില്‍ ബിജെപി ശക്തമായി പ്രതിഷേധിച്ചു.. പാകിസ്താന്‍ ഉണ്ടായതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണ്. തരൂരിന്റെ പ്രസ്താവനയിലൂടെ ഇന്ത്യയിലെ ഹിന്ദുക്കളെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും സംഭവത്തില്‍ രാഹുല്‍ ഗാന്ധി മപ്പ് പറയണമെന്നും ബിജെപി വക്താവ് സാംബിത് പാത്ര ആവശ്യപ്പെട്ടു.