അസദുദ്ദീൻ ഒവൈസി, രാജ്നാഥ് സിങ് | Photo: PTI
ന്യൂഡല്‍ഹി: സവര്‍ക്കറെ കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പരാമര്‍ശത്തിനെതിരേ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. വളച്ചൊടിച്ചാണ് ചരിത്രസംഭവങ്ങളെ ബിജെപി അവതരിപ്പിക്കുന്നത്. ഇങ്ങനെ തുടരുകയാണെങ്കില്‍ സവര്‍ക്കറെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് ഒവൈസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.
ഉദയ് മഹുര്‍ക്കര്‍ രചിച്ച 'വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍' എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടാണ് രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം വിവാദ പരാമര്‍ശം നടത്തിയത്. 'സവര്‍ക്കറെക്കുറിച്ച് നുണകള്‍ പ്രചരിപ്പിക്കപ്പെട്ടു. ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് മുമ്പാകെ മാപ്പപേക്ഷ സമര്‍പ്പിച്ചുവെന്ന് പറയപ്പെടുന്നു. മഹാത്മാ ഗാന്ധിയാണ് മാപ്പപേക്ഷ നല്‍കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്,' പരിപാടിയില്‍ രാജ്നാഥ് സിങ് പറഞ്ഞു.
ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, മുന്‍കേന്ദ്രമന്ത്രി വി.കെ. സിങ്, ജിതേന്ദ്ര സിങ്, പുരുഷോത്തം രുപാല്‍, അര്‍ജുന്‍ രാം മേഗ്‌വാല്‍ എന്നിവരും പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ദേശീയ പ്രതീകം എന്നാണ് സിങ് സവര്‍ക്കറെ വിശേഷിപ്പിച്ചത്. സ്വതന്ത്ര ഭാരതത്തിന്റെ പ്രതിരോധ, നയതന്ത്ര തത്ത്വത്തില്‍ ഏറ്റവും വലിയ ദര്‍ശകനായിരുന്നു സവര്‍ക്കറെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യന്‍ ചരിത്രത്തിലെ മഹാനായ നായകനായിരുന്നു സര്‍വക്കര്‍. നമ്മുടെ ദേശീയ നായകരെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം, എന്നാല്‍ ഒരു പ്രത്യേക കാഴ്ചപ്പാടോടെ അവരെ കാണുന്നത് ശരിയല്ല. സവര്‍ക്കര്‍ ഒരു വലിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. അദ്ദേഹത്തെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാനാവില്ല. ചില ആളുകള്‍ ചില പ്രത്യേയശാസ്ത്രങ്ങളുടെ പേരില്‍ സവര്‍ക്കറെ ചോദ്യം ചെയ്യുന്നു. രണ്ടുതവണ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ജീവപര്യന്തം തടവിന് അയച്ചു. അദ്ദേഹം ചര്‍ച്ചയില്‍ വിശ്വസിച്ചിരുന്നുവെന്നും രാജ്നാഥ് പറഞ്ഞിരുന്നു.
Content Highlights: BJP will soon declare Sava says AIMIM chief Owaisi slams Rajnath Singh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..