ന്യൂഡല്‍ഹി:  ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിൽ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി കോണ്‍ഗ്രസിനോട് പരാജയപ്പെടുമെന്ന് അഭിപ്രായ സര്‍വേ.

എന്നാല്‍ മോദി പ്രഭാവം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മൂന്നുസംസ്ഥാനങ്ങളിലും പാര്‍ട്ടിയെ വിജയത്തിലെത്താന്‌ സഹായിക്കുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. എ ബി പി ന്യൂസും സി വോട്ടറും സംയുക്തമായാണ് സര്‍വേ നടത്തിയത്.

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ  നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടും.

മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളില്‍ 117 എണ്ണവും ഛത്തീസ്ഗഢിലെ 90 സീറ്റുകളില്‍ 54 എണ്ണവും രാജസ്ഥാനിലെ 200 സീറ്റുകളില്‍ 130 എണ്ണവും കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. യഥാക്രമം 106, 33, 57 സീറ്റുകളാണ് മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് ലഭിക്കുക.

28000 ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. മൂന്നുസംസ്ഥാനങ്ങളിലെയും  ആളുകള്‍ തീര്‍ത്തും വ്യത്യസ്തമായ താത്പര്യമാണ് കേന്ദ്രസര്‍ക്കാരിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പ്രകടിപ്പിച്ചത്.

മൂന്നുസംസ്ഥാനങ്ങളില്‍നിന്നുള്ളവരുടേയും പ്രധാനമന്ത്രി പദത്തിലേക്കുള്ള ആദ്യ പരിഗണന നരേന്ദ്ര മോദിക്കാണ്. രാഹുല്‍ ഗാന്ധി രണ്ടാംസ്ഥാനത്താണ്. ആകെ 65 ലോക്‌സഭാ മണ്ഡലങ്ങളാണ് മൂന്നു സംസ്ഥാനങ്ങളിലുമായുള്ളത്. 

രാജസ്ഥാന്‍

എ ബി പി ന്യൂസ്- സി വോട്ടര്‍ സര്‍വേ പ്രകാരം രാജസ്ഥാനില്‍ കോണ്‍ഗ്രസ് 51 ശതമാനം വോട്ടുകള്‍ നേടും. ബി ജെ പി 37 ശതമാനത്തിലേക്ക് ചുരുങ്ങും. 2013ലെ തിരഞ്ഞെടുപ്പുഫലത്തിന്റെ നേര്‍ വിപരീതമായിരിക്കും ഇക്കുറി സംഭവിക്കുക. 2013ല്‍ ബി ജെ പി 163 സീറ്റുകളാണ് നേടിയത്.

രാജസ്ഥാനിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഈ വര്‍ഷം ആദ്യം ഉപതിരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. ഇതില്‍ ആറുസീറ്റുകളിലും കോണ്‍ഗ്രസിനായിരുന്നു ജയം. രണ്ട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനായിരുന്നു ജയം. 

സര്‍വേ പ്രകാരം രാജസ്ഥാനിലെ 41 ശതമാനം ആളുകളാണ് അശോക് ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. 18 ശതമാനം ആളുകള്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. 

രാജസ്ഥാനിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 47 ശതമാനം വോട്ടുകള്‍ നേടും. കോണ്‍ഗ്രസിന് 43 ശതമാനം വോട്ടുകളേ നേടാനാകു. നരേന്ദ്ര മോദി രണ്ടാംവട്ടവും പ്രധാനമന്ത്രിയാകാണമെന്ന് 55 ശതമാനം ആളുകള്‍ ആഗ്രഹിക്കുമ്പോള്‍ 22 ശതമാനം ആളുകള്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതെന്നും സര്‍വേ പറയുന്നു. 

മധ്യപ്രദേശ്

മധ്യപ്രദേശില്‍  42 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് നേടും. 40 ശതമാനം വോട്ടുകളേ ബി ജെ പിക്ക് നേടാന്‍ സാധിക്കൂ. എന്നാല്‍ ആകെയുള്ള 230 സീറ്റുകളില്‍ 117 സീറ്റുകള്‍ കോണ്‍ഗ്രസിന് നേടാന്‍ കഴിയും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 46 ശതമാനം വോട്ടുകള്‍ നേടാന്‍ സാധിക്കും. 39 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിയുക. 

മോദി പ്രധാനമന്ത്രിപദത്തില്‍ തുടരണമെന്ന് 54 ശതമാനം ആളുകള്‍ ആഗ്രഹിക്കുമ്പോള്‍ 25 ശതമാനം ആളുകള്‍ മാത്രമേ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുള്ളുവെന്നും സര്‍വേ ഫലം പറയുന്നു. 

ഛത്തീസ്ഗഢ്

നിയമസാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40ശതമാനം വോട്ടു നേടും. ബി ജെ പിക്ക് 39 ശതമാനം വോട്ടുകളും ലഭിക്കും. 90 സീറ്റുകളുള്ള നിയമസഭയില്‍ കോണ്‍ഗ്രസ് 54 എണ്ണത്തില്‍ വിജയിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 46 ശതമാനം വോട്ടുകളും കോണ്‍ഗ്രസ് 36 ശതമാനം വോട്ടുകളും ലഭിക്കും. 

ഛത്തീസ്ഗഢിലെ 56 ശതമാനം ആളുകളാണ് മോദി പ്രധാനമന്ത്രിപദത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നത്. 21 ശതമാനം ആളുകള്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകമമെന്ന് അഭിപ്രായപ്പെടുന്നതെന്നും  സര്‍വേ പറയുന്നു. 

content highlights: BJP will lose Madhya pradesh, Chathisgarh and Rajastan says abp news- cvoter survey