ലക്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി ബി.ജെ.പി അധികാരത്തില്‍ തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 325-350 വരെ സീറ്റുകള്‍ നേടുമെന്നും യോഗി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

"കഴിഞ്ഞ 23 വര്‍ഷമായി ഞാന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാണ്. അതിനാല്‍ യു.പിയുടെ രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്. തിരഞ്ഞെടുപ്പില്‍ മികച്ച വിജയം ബി.ജെ.പി നേടും എന്ന കാര്യത്തില്‍ എനിക്ക് സംശയങ്ങളൊന്നുമില്ല". ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ യോഗി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഉത്തര്‍പ്രദേശില്‍ ഒരു രാഷ്ട്രീയ പ്രസക്തിയുമില്ല. തിരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും സൃഷ്ടിക്കാന്‍ കര്‍ഷക പ്രക്ഷോഭത്തിന് സാധിക്കില്ല. യു.പിയില്‍ പ്രതിപക്ഷം നാമാവശേഷമായിരിക്കുയാണ്. ജനങ്ങള്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നുവെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

Content Highlights: BJP will get 325-350 seats, says Yogi Adityanath