ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളില്‍ ചുരുങ്ങിയ കാലംകൊണ്ട് വലിയ മുന്നേറ്റമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിലെ ബിജെപി പ്രവര്‍ത്തക സമിതിയെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്യുകയായിരുന്നു നഡ്ഡ.

പശ്ചിമബംഗാളില്‍ ബിജെപി ചുരുങ്ങിയ സമയംകൊണ്ട് വലിയൊരു ദൂരം പിന്നിട്ടുകഴിഞ്ഞു. 2014ല്‍ വെറും രണ്ട് സീറ്റും 18 ശതമാനം വോട്ടുമാണ് ബിജെപി നേടിയത്.  2016ല്‍ മൂന്നു സീറ്റും 10.16 ശതമാനം വോട്ടും നേടി. 2019ല്‍ 40.25 ശതമാനം വോട്ടും 18 ലോകസഭാ സീറ്റുകളുമാണ് നേടിയത്.

അതേസമയം, അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് 38.1 ശതമാനമായി ഉയരുകയും 77 സീറ്റുകള്‍ നേടുകയും ചെയ്തു, നഡ്ഡ ചൂണ്ടിക്കാട്ടി. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് പശ്ചിമബംഗാളില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും നഡ്ഡ പറഞ്ഞു.

പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് അതിഗുരുതരമായ രാഷ്ട്രീയാതിക്രമങ്ങളാണ് അഴിച്ചുവിട്ടതെന്നും നഡ്ഡ പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ 1,399 വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു. 676 കവര്‍ച്ചകള്‍ നടന്നു. 108 കുടുംബങ്ങള്‍ക്ക് നേരെ ഭീഷണിയുണ്ടായി. സ്ത്രീകള്‍ക്കു നേരെ വലിയ അതിക്രമങ്ങളുണ്ടായി. ഇക്കാര്യങ്ങളെല്ലാം നടന്നത് ഒരു വനിതാ മുഖ്യമന്ത്രിയുടെ കീഴിലാണ്, നഡ്ഡ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയുടെ അഴിമതിയുടെ പര്യായങ്ങളാണെന്ന് നഡ്ഡ ആരോപിച്ചു. വാക്‌സിന്റെ കാര്യത്തില്‍ പോലും പശ്ചിമബംഗാളില്‍ അഴിമതിയാണ് അരങ്ങേറുന്നത്. സംസ്ഥാനത്ത് വ്യാജ വാക്‌സിനുകള്‍ വിതരണം ചെയ്യപ്പെടുന്നു. എംപിമാര്‍ക്കു പോലും ലഭിച്ചത് വ്യാജ വാക്‌സിനുകളാണെന്നും വ്യജവാക്‌സിന്‍ വിതരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും നഡ്ഡ ആരോപിച്ചു.

Content Highlights: BJP will form govt in West Bengal in next five years: Nadda