ന്യൂഡല്‍ഹി: ശനിയാഴ്ച ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെയും അസമിലെയും ഭൂരിഭാഗം സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ 200ലധികം സീറ്റുകളില്‍ ബിജെപി അനായാസം വിജയിക്കും. താഴെത്തട്ടില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം ഉന്നയിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന 30 സീറ്റുകളില്‍ 26 ഉം ബിജെപി വിജയിക്കുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. അസമിലെ 47 സീറ്റുകളില്‍ 37 ഉം വിജയിക്കാനും ബിജെപിക്ക് കഴിയും. പ്രധാനമന്ത്രി മോദി വന്‍ വികസന പദ്ധതികളാണ് അസമില്‍ നടപ്പാക്കിയത്. ഇരട്ട എഞ്ചിനുള്ള സര്‍ക്കാരിന്റെ പ്രയോജനം ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.

എന്നാല്‍ പശ്ചിമ ബംഗാളില്‍ കടുത്ത നിരാശയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. 27 വര്‍ഷഷത്തെ കമ്യൂണിസ്റ്റ് ഭരത്തില്‍ മനംമടുത്ത ജനങ്ങള്‍ മമത ബാനര്‍ജി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പേരും ചിഹ്നവും മാത്രമാണ് മാറിയത്. പശ്ചിമ ബംഗാളിലെ സ്ഥിതിഗതികളില്‍ യാതൊരു മാറ്റവുമുണ്ടായില്ല. പശ്ചിമ ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് സമാധാനപരമായി നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞു. കൊലപാതകങ്ങളോ, ബോംബേറോ, റീപോളിങ്ങോ ഒന്നാംഘട്ട വോട്ടെടുപ്പിനിടെ ഉണ്ടായില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

മുഖംരക്ഷിക്കാന്‍  മറ്റെന്ത് ചെയ്യാനാകും  - അമിത് ഷാ

കേരളത്തിലെ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട സംസ്ഥാന സര്‍ക്കാരിന്റെ നടപടിയേയും അമിത് ഷാ വിമര്‍ശിച്ചു. മുഖം രക്ഷിക്കാന്‍ അവര്‍ക്ക് ഇതല്ലാതെ മറ്റെന്ത് ചെയ്യാനാകും. സ്വാഭാവിക പ്രതികരണം മാത്രമാണതെന്നും അമിത് ഷാ പറഞ്ഞു.

എല്ലാ കാര്യങ്ങളും പരസ്യമാക്കാനാവില്ല

എന്‍സിപി നേതാവ് ശരദ് പവാറുമായി അഹമ്മദാബാദില്‍ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളോട് അദ്ദേഹം പ്രതികരിച്ചില്ല. എല്ലാ കാര്യങ്ങളും പരസ്യമാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: BJP will easily win over 200 seats in West Bengal - Amit Shah