Photo: twitter/Manjinder Singh Sirsa @mssirsa
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് മുന്നേറുമ്പോള്‍ അതിന്റെ രാഷ്ട്രീയമാനങ്ങള്ക്കൊപ്പം രാഹുലിന്റെ രൂപമാറ്റവും വേഷവുമെല്ലാം വാർത്തകളില്‍ ഇടംനേടുന്നുണ്ട്. ഡല്‍ഹിയില്‍ പ്രവേശിച്ച ഭാരത് ജോഡോ യാത്രയിയ്ക്കിടെ കൊടും ശൈത്യത്തില്‍ രാഹുല്‍ ഒരു ടിഷര്‍ട്ടും പാന്റ്സും മാത്രം ധരിച്ച് നടക്കുന്നത് വലിയ ചര്‍ച്ചയായിരുന്നു.
രൂക്ഷമായ തണുപ്പ് അനുഭവപ്പെടുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെയാണ് ഇപ്പോള്‍ രാഹിലിന്റെ യാത്ര. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ വേഷം പലരുടെയും ശ്രദ്ധപിടിച്ചുപറ്റിയത്. കൊടുംതണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളൊന്നുമില്ലാതെ എങ്ങനെ ഈ കാലാവസ്ഥയില്‍ പിടിച്ചുനില്ക്കുന്നു എന്നായിരുന്നു പലരുടെയും അത്ഭുതം. ജനങ്ങളുടെ സ്നേഹച്ചൂടുകൊണ്ടാണ് ടീഷര്‍ട്ട് മാത്രം ധരിച്ച രാഹുലിന് കൊടും ശൈത്യത്തിലും തണുപ്പ് അനുഭവപ്പെടാത്തതെന്ന് കോണ്‍ഗ്രസ് ഇതിന് മറുപടിയും നല്‍കിയിരുന്നു.
എന്നാല്‍, കൊടും തണുപ്പില്‍ രാഹുല്‍ ടിഷര്‍ട്ട് മാത്രം ധരിച്ച് നടക്കുന്നതിന്റെ രഹസ്യം കണ്ടെത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ബിജെപി. ടീഷര്‍ട്ടിനുള്ളില്‍ രാഹുല്‍ തെര്‍മല്‍ വസ്ത്രം ധരിച്ചിട്ടുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഭാരത് ജോഡോ യാത്രയ്ക്കിടെ അദ്ദേഹം ധരിച്ച ടീഷര്‍ട്ടിന്റെ അകത്ത് മറ്റൊരു വസ്ത്രം ധരിച്ചതായി വ്യക്തമാക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബിജെപി പക്ഷത്തിന്റെ സോഷ്യല്‍ മീഡിയാ ട്വീറ്റുകള്‍.
തണുപ്പകറ്റാനുള്ള വസ്ത്രമൊന്നും ധരിക്കാതെയാണ് രാഹുലിന്റെ യാത്രയെന്ന പ്രചാരണത്തെ പൊളിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മുന്‍ ഡല്‍ഹി എംഎല്‍എയും ബിജെപി നേതാവുമായ മഞ്ജീന്ദര്‍ സിങ് സിര്‍സയെ പോലുള്ളവര്‍ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 'ഒരു നുണയന്റെ വ്യാജ പ്രചാരണം പൊളിച്ചു', മഞ്ജീന്ദര്‍ പറഞ്ഞു. ശൈത്യകാലത്ത് തണുപ്പുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ഇത് വ്യാജമായ ശ്രദ്ധപിടിച്ചുപറ്റാനുള്ള ഗിമ്മിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിജെപി ഭക്തര്‍ നിരാശരാണെന്നും രാഹുലിന്റെ ടി-ഷര്‍ട്ട് മടങ്ങിക്കിടക്കുന്നത് കാണിച്ചാണ് തെര്‍മല്‍ വസ്ത്രമെന്ന് അവര്‍ അവകാശപ്പെടുന്നതെന്നും വിശദീകരിച്ച് സുപ്രിയ ശ്രിന്‍ഡെ രംഗത്തുവന്നു.
ഇന്ത്യയിലെ ജനങ്ങളുടെ സ്നേഹച്ചൂടില്‍ രാഹുലിന് തണുപ്പറിയില്ല എന്ന് ആലങ്കാരികമായി പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് സേവാദള്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, സത്യത്തിന്റെ കവചം ധരിച്ചതുകൊണ്ടാണ് രാഹുലിന് ശൈത്യകാലത്തും തണുപ്പറിയാത്തത് എന്ന് പ്രിയങ്കാ ഗാന്ധിയും പറഞ്ഞിരുന്നു.
Content Highlights: BJP vs Congress, Rahul Gandhi’s t-shirt, Bharat Jodo Yatra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..