ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് 19 പ്രതിരോധ നടപടികള്‍ അതി ദയനീയ നിലയിലാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചതിനു പിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ഡല്‍ഹിയിലെ ആരോഗ്യ മേഖല തകര്‍ന്നതായും കോവിഡ് രോഗികളുടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ബിജെപി ആരോപിച്ചു.

കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന വാര്‍ഡുകളുടെ അവസ്ഥ അതി ദയനീയമാണെന്നും മൃതദേഹങ്ങളോട് പോലും മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത് ആശങ്കയുണ്ടാക്കുന്നതാണ്. ഡല്‍ഹിയിലെ ആരോഗ്യ സംവിധാനം തകര്‍ന്നടിഞ്ഞതിന്റെ സൂചനയാണിത്, ബിജെപി വക്താവ് സാംബിത്ത് പത്ര പ്രസ്താവനയില്‍ പറഞ്ഞു. 

ഇത് രാഷ്ട്രീയക്കളിക്കുള്ള സമയമല്ല. എന്നാല്‍ ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് ഡല്‍ഹിയില്‍ വളരെ കുറവ് കോവിഡ് പരിശോധനകള്‍ മാത്രമാണ് നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ബിജെപി വക്താവ് പറഞ്ഞു. ദിവസേന ഏഴായിരം പരിശോധനകള്‍ നടത്തിയിരുന്നിടത്തുനിന്ന് അയ്യായിരത്തിലേയ്ക്ക് കുറയാന്‍ കാരണം എന്താണെന്ന് മനസ്സിലാകുന്നില്ല.

സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഇനിയെങ്കിലും കെജ്‌രിവാള്‍ സര്‍ക്കാര്‍ ഉറക്കത്തില്‍നിന്ന് ഉണരണം. പബ്ലിസിറ്റികള്‍ക്കായി ചെലവഴിക്കാന്‍ സര്‍ക്കാരിന് പണമുണ്ട്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കുതിനു പകരം രാഷ്ട്രീയം കളിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു.

ഡല്‍ഹി ബിജെപി പ്രസിഡന്റ് ആദേശ് ഗുപ്തയും ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. ഡല്‍ഹിയിലെ ആശുപത്രികളില്‍ ശരിയായ ചികിത്സ പോലും ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകള്‍ ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനെതിരായ നടപടികള്‍ സ്വീകരിക്കുന്നതിനേക്കാള്‍ മറ്റുള്ളവര്‍ക്കുമേല്‍ പഴിചാരുന്നതിലാണ് കെജ്രിവാളിന് കൂടുതല്‍ താല്പര്യമെന്ന് ബിജെപി എംപി ഗൗതം ഗംഭീറും ആരോപിച്ചു.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നുവരെ കണ്ടെടുക്കുന്ന സാഹചര്യമാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ ആശുപത്രികളുടെ ഇടനാഴികളിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഇട്ടിരിക്കുകയാണ്. കോവിഡ് രോഗികളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിലുള്ള അനാദരവ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ ആയിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

കോവിഡ് രോഗികളെ ചിത്സിക്കുന്ന ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി ദയനീയം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മാധ്യമങ്ങള്‍ കാണിച്ച ചില ദൃശ്യങ്ങള്‍ ഭയാനകം ആണ്. ആശുപത്രിയില്‍ പ്രവേശനത്തിന് ആയി രോഗികള്‍ പരക്കം പായുകയാണ്. എന്നാല്‍ ചില ആശുപത്രികളില്‍ കിടക്കകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ രോഗികള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല. കോവിഡിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമാണെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എം.ആര്‍.ഷാ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Content Highlights: BJP uses SC observation to target Delhi CM, covid 19