മുംബൈ: 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്നെ ഉപയോഗപ്പെടുത്തിയാണ് ബി.ജെ.പി. വിജയിച്ചതെന്ന് അണ്ണാ ഹസാരെ. ലോക്പാലിനായി സമരം നടത്തിയത് താനായിരുന്നുവെന്നും, എന്നാല്‍ അതുപയോഗിച്ചാണ് ബി.ജെ.പിയും ആംആദ്മി പാര്‍ട്ടിയും അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ അനിശ്ചിതകാല നിരാഹാരസമരം ആറാംദിവസം പിന്നിടുമ്പോഴായിരുന്നു ഹസാരെയുടെ പ്രതികരണം. 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി എന്നെ ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുമായി യാതൊരു ബന്ധവുമില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇന്ത്യയെ ഒരു ഏകാധിപത്യ രാഷ്ട്രമാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം- ഹസാരെ പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന് പുറമേ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെയും അണ്ണാ ഹസാരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. ബി.ജെ.പി. നേതൃത്വത്തിലുള്ള മഹരാഷ്ട്ര സര്‍ക്കാര്‍ കഴിഞ്ഞ നാലുവര്‍ഷമായി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും എത്രനാള്‍ ഇങ്ങനെ കള്ളംപറഞ്ഞ് മുന്നോട്ട്‌പോകുമെന്നും അദ്ദേഹം ചോദിച്ചു. തന്റെ ആവശ്യങ്ങളില്‍ ഭൂരിഭാഗവും അനാവശ്യമാണെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ അതേസമയം തന്നോട് മന്ത്രിമാര്‍ ചര്‍ച്ച നടത്തുമെന്നും അവര്‍ പറയുന്നു. പക്ഷേ, ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളാണ്- ഹസാരെ വ്യക്തമാക്കി. 

ബി.ജെ.പിക്ക് പുറമേ തന്റെ പഴയ സഹപ്രവര്‍ത്തകനായിരുന്ന അരവിന്ദ് കെജ്രിവാളിനെതിരെയും അണ്ണാ ഹസാരെ പ്രതികരണം നടത്തി. തന്റെ പ്രക്ഷോഭത്തില്‍ പങ്കുചേരാന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും എന്നാല്‍ തന്നോടൊപ്പം വേദി പങ്കിടാന്‍ കെജ്രിവാളിനെ അനുവദിക്കില്ലെന്നുമായിരുന്നു ഹസാരെയുടെ പ്രതികരണം. 

Content Highlights: bjp used me to win elections in 2014- anna hazare