ബിജെപി പ്രകടനം അക്രമാസക്തമായപ്പോൾ |ഫോട്ടോ:ANI
ന്യൂഡല്‍ഹി: 'കശ്മീര്‍ ഫയല്‍' സിനിമയുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ റാലി അക്രമാസക്തമായി. ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ നേതൃത്വത്തില്‍ ഐപി കോളേജില്‍ നിന്ന് കെജ്രിവാളിന്റെ വസതിയിലേക്കായിരുന്നു പ്രകടനം. ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടന്ന് കെജ്രിവാളിന്റെ വീടിനു മുന്‍വശത്തുള്ള ഗെയിറ്റ് അടിച്ചു തകര്‍ത്തു.
രാജ്യത്തെ ഹിന്ദുക്കളെ അപമാനിച്ചതിന് കെജ്രിവാള് മാപ്പ് പറയേണ്ടിവരും. മാപ്പ് പറയുന്നതുവരെ ബിജെപിയും യുവമോര്‍ച്ചയും അദ്ദേഹത്തെ വെറുതെ വിടില്ലെന്നും തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.
കെജ് രിവാളിനെ തോല്‍പ്പിക്കാന്‍ ബിജെപിക്ക് സാധിക്കാത്തതുകൊണ്ട് അദ്ദേഹത്തെ കൊല്ലാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയെ കൊലപ്പെത്താന്‍ ബിജെപിക്കുള്ള മുന്‍കൂര്‍ പദ്ധതിയായിരുന്നു ഇന്നത്തെ സംഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ആം ആദ്മി പാര്‍ട്ടിയുടെ വിജയവും പഞ്ചാബിലെ ബിജെപിയുടെ പരാജയവും കെജ്രിവാളിനെ കൊലപ്പെടുത്താനുള്ള ആഗ്രഹത്തിന് പിന്നിലുണ്ട്. ബിജെപി ഗുണ്ടകളെ പൊലീസ് ബോധപൂര്‍വം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അഴിച്ചുവിടുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെ സിസിടിവി ക്യാമറകളും ബാരിക്കേഡുകളും തകര്‍ത്തെന്നും സിസോദിയ പറഞ്ഞു.
കശ്മീര്‍ ഫയല്‍ സിനിമയില്‍ കാണിച്ചിരിക്കുന്ന കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ കെജ്രിവാള് പരിഹസിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
പ്രതിഷേധത്തെ കുറിച്ച് ഡല്‍ഹി പോലീസ് പറയുന്നത് ഇങ്ങെയാണ്- രാവിലെ 11.30 ഓടെ ഇരുനൂറോളം ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെജ്രിവാളിന്റെ വസതിക്ക് ചുറ്റുമെത്തി മുദ്രാവാക്യംവിളിച്ച് പ്രതിഷേധിച്ചിരുന്നു. ഇതില്‍ 70 ഓളം പേരെ അറസ്റ്റ് ചെയ്ത് നീക്കുകയുണ്ടായി.
ഉച്ചയ്ക്ക് ഒരു മണിയോടെ ചില പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ മറികടന്ന് കെജ്രിവാളിന്റെ വസതിക്ക് മുന്നിലെത്തി. അവിടെ ബഹളംവെക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കൈയില്‍ കരുതിയിരുന്ന പെയിന്റ് വാതിലിന് നേര്‍ക്കും ഗെയിറ്റിലും ഒഴിച്ചു. സിസിടിവിയും മറ്റു സുരക്ഷാ സംവിധാനങ്ങളും നശിപ്പിക്കുകയും ചെയ്തു.
കെജ്രിവാള് ഡല്‍ഹി നിയമസഭയില്‍ നടത്തിയ പ്രസ്താവനയാണ് വിവാദത്തിനാധാരം. കശ്മീര്‍ ഫയല്‍ സിനിമക്ക് നികുതി ഒഴിവാക്കണമെന്ന് ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. എന്തിനാണ് നികുതി ഒഴിവാക്കുന്നതെന്നും സിനിമ യൂട്യൂബില്‍ അപ്ലോഡ് ചെയ്താല്‍ എല്ലാവര്ക്കും കാണാമെന്നും കെജ്രിവാള് പറയുകയുണ്ടായി.
'നിങ്ങള്‍ എന്തിനാണ് ഞങ്ങളോട് ഇത് നികുതി രഹിതമാക്കാന്‍ ആവശ്യപ്പെടുന്നത്, നിങ്ങള്‍ക്ക് ഇത് താല്‍പ്പര്യമുണ്ടെങ്കില്‍, അത് യുട്യൂബില്‍ ഇടാന്‍ വിവേക് അഗ്നിഹോത്രിയോട് ആവശ്യപ്പെടുക, എല്ലാം സൗജന്യമായിരിക്കും. എല്ലാവര്ക്കും ഇത് ഒരു ദിവസം കൊണ്ട് കാണാന്‍ കഴിയും', അദ്ദേഹം പറഞ്ഞു.
സഭയിലെ എഎപി എംഎല്‍എമാര്‍ ഡസ്കിലടിക്കുകയും ചിരിക്കുകയും ചെയ്തുകൊണ്ട് കെജ്രിവാളിനെ പിന്തുണച്ചു. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. കെജ്രിവാളിന്റെ മറുപടി ബിജെപി സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
Content Highlights: BJP Trying To Kill Arvind Kejriwal, Says AAP After Violence At His Home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..