പ്രതീകാത്മക ചിത്രം | AFP
ന്യൂഡല്‍ഹി: ജനസംഖ്യാനിയന്ത്രണം, ഏകീകൃത സിവില്‍കോഡ് എന്നീ വിഷയങ്ങളില്‍ സ്വകാര്യബില്ലുകളുമായി ബി.ജെ.പി. എം.പി.മാര്‍. പാര്‍ലമെന്റിന്റെ മഴക്കാലസമ്മേളനത്തില്‍ ഇവ അവതരിപ്പിക്കാനാണ് അനുമതി തേടിയത്. രണ്ടുവിഷയങ്ങളിലും രാഷ്ട്രീയചര്‍ച്ചകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് സ്വകാര്യബില്ലുകള്‍ വഴി വിഷയം പാര്‍ലമെന്റില്‍ എത്തിക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നത്.
ജനസംഖ്യാനിയന്ത്രണവും ഏകീകൃത സിവില്‍കോഡും ബി.ജെ.പി.യുടെ രാഷ്ട്രീയ അജന്‍ഡകളുള്ള വിഷയങ്ങളാണ്. സ്വകാര്യബില്ലുകള്‍ പാസാകുന്നത് അത്യപൂര്‍വമാണെങ്കിലും അവതരണാനുമതി ലഭിച്ചാല്‍ രാഷ്ട്രീയചര്‍ച്ചകള്‍ ഉയര്‍ത്താനുള്ള അവസരമാകും. ഇത് മുന്‍കൂട്ടിക്കണ്ടാണ് ബി.ജെ.പി. എം.പി.മാരുടെ നീക്കം. 1970-നുശേഷം ഒരു സ്വകാര്യബില്ലും പാര്‍ലമെന്റില്‍ പാസായിട്ടില്ല.
ലോക്സഭയില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള ബി.ജെ.പി. അംഗം രവി കിഷനും രാജ്യസഭയില്‍ രാജസ്ഥാനില്‍നിന്നുള്ള ബി.ജെ.പി. അംഗം കിരോഡി ലാല്‍ മീണയുമാണ് അവതരണാനുമതി തേടിയത്. ജനസംഖ്യാനിയന്ത്രണത്തിനുള്ള സ്വകാര്യബില്ലിന് മറ്റൊരു ബി.ജെ.പി. അംഗം രാകേഷ് സിന്‍ഹയും അനുമതി തേടിയിട്ടുണ്ട്. നറുക്കെടുപ്പിലൂടെയാണ് അവതരണാനുമതി ലഭിക്കുക. ഈ മാസം 24-നു നടക്കുന്ന നറുക്കെടുപ്പിലാണ് ഈ രണ്ടുബില്ലുകളും ഉള്‍പ്പെടുത്തിയത്.
രണ്ടില്കൂടുതല് കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ജോലികള്‍, വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള സബ്സിഡികള്‍ എന്നിവ നല്‍കരുതെന്ന് വ്യവസ്ഥചെയ്യുന്ന ബില്ലാണ് ജനസംഖ്യാനിയന്ത്രണവുമായി ബന്ധപ്പെട്ട് ബി.ജെ.പി. അംഗങ്ങള്‍ അവതരിപ്പിക്കുന്നത് എന്നാണു സൂചന. ജനപ്പെരുപ്പം അപകടകരമായരീതിയിലായിരിക്കുന്നുവെന്നും അതിനാല്‍ നിയന്ത്രണത്തിന് കേന്ദ്രനിയമം അനിവാര്യമാണെന്നും തന്റെ ബില്ലിനെക്കുറിച്ച് രാകേഷ് സിന്‍ഹ വാര്‍ത്താഏജന്‍സിയോടു പറഞ്ഞു.
Content Highlights: BJP to introduce private members' bills population control, civil code
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..