ന്യൂഡല്‍ഹി: ലോക്‌സഭാ,നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മുന്നോടിയായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ബി.ജെ.പി പ്രസിഡന്റ് അമിത്ഷാ വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തില്‍ പങ്കെടുക്കും.

കേന്ദ്ര സര്‍ക്കാര്‍ പ്രധാന പദ്ധതികള്‍ അതത് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയതിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിമാരില്‍ നിന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെടും. ഇതിനുള്ള രൂപരേഖ മുഖ്യമന്ത്രിമാരുടെ കഴിഞ്ഞ വര്‍ഷത്തെ സമ്മേളനത്തിൽ നല്‍കിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഉപഭോക്താക്കളുടെ ബ്ലോക്ക് തിരിച്ചുള്ള ലിസ്റ്റുകളും മുഖ്യമന്ത്രിമാര്‍ സമര്‍പ്പിക്കും. അതത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ അന്തരീക്ഷവും മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ വിശദീകരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപസംഹാര പ്രസംഗത്തോട് കൂടെ 10 മണിക്കൂര്‍ നീളുന്ന മാരത്തോണ്‍ ചര്‍ച്ച അവസാനിക്കും. മുഖ്യമന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താനും പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള സഹകരണം മികച്ചതാക്കാനും ബി.ജെ.പി നേരത്തെയും ഇത്തരം യോഗങ്ങള്‍ നടത്തിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പുറമെ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കും.