കൊല്‍ക്കത്ത: 2021ല്‍ പശ്ചിമബംഗാളില്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെറ്റ്വര്‍ക്ക് 18 ചീഫ് എഡിറ്റര്‍ രാഹുല്‍ ജോഷിക്ക് നല്കിയ അഭിമുഖത്തിലാണ് ഈ അവകാശവാദം.
"പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വരണമെന്ന് മമതാജി (മമതാ ബാനര്‍ജി) ആഗ്രഹിക്കുകയാണെങ്കില്‍ ബംഗാളുമായി ബന്ധപ്പെട്ട മമതയുടെ എല്ലാ ആശകളും നിറവേറ്റപ്പെടും. കാരണം ബംഗാളിലെ ജനങ്ങള്‍ പരിവര്‍ത്തനം ആഗ്രഹിക്കുന്നുണ്ട്. വലിയ ഭൂരിപക്ഷത്തോടെ ബംഗാളില്‍ അടുത്ത തവണ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറും", അമിത് ഷാ പറഞ്ഞു.
രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ വന്നതോടെ കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങള്‍ വര്‍ദ്ധിച്ചെന്ന് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി മമത പ്രസ്താവന ഇറക്കിയിരുന്നു. ഇതു കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഷായുടെ പ്രസ്താവന.
"കേന്ദ്രത്തിന്റെ പൊടുന്നനെയുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിൽ കുടിയേറ്റ തൊഴിലാളികള്‍ വലിയ പ്രശ്നങ്ങളാണ് അനുഭവിച്ചത്. കോവിഡ് പ്രതിസന്ധി ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാരിന് തോന്നിയിരുന്നെങ്കില്‍ അവര്‍ എന്ത് കൊണ്ട് സ്വയം കൈകാര്യം ചെയ്തില്ല എന്ന് ആഭ്യന്തര മന്ത്രിയോട് ഞാന്‍ നേരത്തെ ചോദിച്ചിരുന്നു. രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്. ഈ കുടിയേറ്റതൊഴിലാളികളെയെല്ലാം ഞങ്ങളെവിടെയാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ വെക്കേണ്ടത്. കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ ആര് ഉത്തരവവാദിത്വം ഏറ്റെടുക്കും. കോവിഡിനെയും ഉംപുന്‍ ചുഴലിക്കാറ്റിനെയും തുടര്‍ന്ന് ബംഗാള്‍ വലിയ കഷ്ടപ്പാടുകളാണ് നേരിടുന്നത്. ഇതെല്ലാം നേരിടാന്‍ സമയവും ഇടവും വേണം. കോവിഡ് വ്യാപനം തടയാനുള്ള നടപടികള്‍ ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും നോക്കുകയാണ് വേണ്ടതെന്നാണ് എനിക്കവരോട് ഇപ്പോൽ പറയാനുള്ളത്", എന്നാണ് മമത ബാനര്‍ജി രണ്ട് ദിവസം മുമ്പ് പ്രസംഗിച്ചത്.
ഈ പ്രസ്താവനയ്ക്കുള്ള മറുപടിയാണ് അമിത് ഷാ നൽകിയത്.
"എനിക്ക് ബംഗാളിന്റെ കാര്യം നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. കാരണം ഞാനൊരു എംപിയാണ്. പക്ഷെ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നാല്‍ അവരുടെ ആഗ്രഹം സാധിപ്പിച്ചു നല്കാന് കഴിയുമെന്ന് എനിക്ക് ഉറപ്പു നല്കാന് കഴിയും. ബംഗാളില്‍ ക്രമസമാധാന നില ആകെ താറുമാറായിരിക്കുകയാണ്. അടുത്ത സര്‍ക്കാര്‍ രൂപവത്കരിച്ച് അവരുടെ ആഗ്രഹം ഞങ്ങള്‍ നിറവേറ്റും", എന്നാണ് അമിത് ഷാ മമതാ ബാനര്‍ജിയുടെ വിമര്‍ശനത്തെ നേരിട്ട് സംസാരിച്ചത്.
2021ല്‍ ബംഗാളില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് ഇത് ആദ്യമായല്ല ഷാ അവകാശവാദമുന്നയിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ബംഗാളില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് ഷാ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
content highlights: BJP to Form Govt in Bengal With Full Majority in 2021, Amitshah's reply to Mamata
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..