ലഖ്നൗ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച കര്‍ണാടകത്തില്‍ പ്രചാരണത്തിന് പോയ അഖിലേഷ് യാദവിനേയും മായാവതിയേയും പരിഹസിച്ച് ഉത്തര്‍പ്രദേശ് ബിജെപി വക്താവ് രാകേഷ് ത്രിപാഠി. ഇരുവരും കര്‍ണാടകയിലേക്ക് പോകുന്നത് രാഷ്ട്രീയ ഉല്ലാസ യാത്രയായിട്ടാണ്‌. അതേ സമയം കര്‍ണാടകയിലെ ജനങ്ങളും ബിജെപി പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടാണ് യോഗി ആദിത്യനാഥ് കര്‍ണാടയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ജാതി രാഷ്ട്രീയത്തെ അഭിവൃദ്ധിപ്പെടുത്തുകയാണ് എസ്.പിയും ബിഎസ്പിയും ചെയ്യുന്നത്. ഇരുപാര്‍ട്ടികളുടേയും പ്രധാനയിടം ഉത്തര്‍പ്രദേശാണ്. ഇവിടെ തന്നെ അവര്‍ ദുരിതം അനുഭവിക്കുമ്പോഴാണ് പാര്‍ട്ടിക്ക് ഒരടിത്തറയുമില്ലാത്ത കര്‍ണാടകയില്‍ പോയി പ്രചാരണം നടത്തുന്നത്. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനാകാത്തതിനാല്‍ ബിഎസ്പിയുടെ സ്ഥാപക നേതാക്കളൊക്കെ പാര്‍ട്ടി വിട്ട് പോകുകയാണ്. അഖിലേഷ് യാദവ് പൂര്‍ണ്ണ പരാജയമെന്ന് തെളിയിക്കാനാണ് കര്‍ണാടകയില്‍ പ്രചാരണത്തിന് പോകുന്നതെന്ന് ബിജെപി വക്താവ് പറഞ്ഞു.

യോഗി ആദിത്യനാഥ് രാജ്യത്തെ ഒന്നടങ്കം സ്വാധീനിച്ച മുഖ്യമന്ത്രിയാണ്. ആദിത്യനാഥ് പ്രചാരണത്തിനെത്തണമെന്ന് ബിജെപി സ്ഥാനാര്‍ഥികള്‍ നിരന്തരമായി ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മെയ് മൂന്ന് മുതല്‍ യോഗി ആദിത്യനാഥ് കര്‍ണാടകയില്‍ 35-ഓളം തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ പങ്കെടുക്കുന്നുണ്ട്.

ജെഡിഎസുമായി സഖ്യത്തിലാണ് മായാവതിയുടെ ബിഎസ്പി കര്‍ണാട നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 20 സീറ്റിലാണ് ബിഎസ്പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി ഒരു ഡസനോളം സീറ്റില്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.