അഗര്‍ത്തല: ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം സ്വന്തമാക്കി ബി.ജെ.പി. മത്സരം നടന്ന 222 സീറ്റുകളില്‍ 217 ഇടത്തും ബി.ജെ.പി. ജയിച്ചപ്പോള്‍ വെല്ലുവിളി ഉയര്‍ത്താനിറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് ഒരിടത്തു മാത്രമാണ് വിജയിച്ചത്. സി.പി.എം. മൂന്നു സീറ്റിലും ടി.ഐ.പി.ആര്‍.എ. മോത (The Indigenous Progressive Regional Alliance)  ഒരു സീറ്റിലും ജയിച്ചു. 

ആകെയുള്ള 334 സീറ്റുകളില്‍ 112 ഇടത്തും ബി.ജെ.പി. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 222 സീറ്റുകളിലേക്കാണ് നവംബര്‍ 25-ന് തിരഞ്ഞെടുപ്പ് നടന്നത്. ഇതോടെ ആകെയുള്ള 334 സീറ്റുകളില്‍ 329 ഇടത്തും ബി.ജെ.പി. ജയിച്ചു. 51 വാര്‍ഡുകളുള്ള അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പറേഷനിലെ മുഴുവന്‍ സീറ്റുകളിലും ബി.ജെ.പി. വിജയിച്ചു. 

ധലായി ജില്ലയിലെ അംബാസ നഗര്‍ പഞ്ചായത്ത്, നോര്‍ത്ത് ത്രിപുര ജില്ലയിലെ പാനിസാഗര്‍ പഞ്ചായത്ത്, ഉനാകോടി ജില്ലയിലെ കൈലാശഹര്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ എന്നിവിടങ്ങളിലെ ഒരോ സീറ്റിലാണ് സി.പി.എം. വിജയിച്ചത്. ഏതേസമയം അംബാസയില്‍ ഒരു സീറ്റിലാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ജയിക്കാനായത്. പ്രദേശിക പാര്‍ട്ടിയായ ടി.ഐ.പി.ആര്‍.എയ്ക്കും ഇവിടെനിന്ന് തന്നെയാണ് ഒരു സീറ്റ് കിട്ടിയത്. 

വന്‍വിജയത്തിന് പിന്നാലെ ത്രിപുര ബി.ജെ.പിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 

content highlights: bjp sweeps tripura civic polls