photo : ani
ലഖ്‌നൗ: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റെങ്കിലും ഉത്തര്‍പ്രദേശ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ മുന്നേറ്റം. തിരഞ്ഞെടുപ്പ് നടന്ന 17 തദ്ദേശ സ്ഥാപനങ്ങളിലും ബിജെപി വ്യക്തമായ മുന്‍തൂക്കം നേടി. 17 ഇടത്തും മേയര്‍ സ്ഥാനം സ്വന്തമാക്കിയ ബിജെപി ആകെയുള്ള 1401 വാര്‍ഡുകളില്‍ പകുതിയോളം വാര്‍ഡുകളിലും വിജയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന് പുറമേ യു.പിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌നാദള്‍ വിജയിച്ചു. സമാജ്വാദി പാര്‍ട്ടിയെ തറപറ്റിച്ചായിരുന്നു ജയം. സുഅര്‍ മണ്ഡലത്തില്‍ അപ്‌നാദളിന്റെ ഷഫീക്ക് അഹമ്മദ് അന്‍സാരിയും ഛാന്‍ബെ മണ്ഡലത്തില്‍ റിങ്കി കോളുമാണ് വിജയിച്ചത്. സുഅറില്‍ അസംഖാന്റെ മകനും എംഎല്‍എയുമായിരുന്ന അബ്ദുല്ല അസംഖാനെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഛാന്‍ബെയില്‍ അപ്നാദള്‍ എംഎല്‍എ രാഹുല്‍ പ്രകാശ് മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
ഒഡീഷയിലെ ജാര്‍സുഗുഡ നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.ഡി സ്ഥാനാര്‍ഥി ദിപള്ളി ദാസ് 50,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപിയുടെ തന്‍കദാര്‍ ത്രിപാദിയെയാണ് ദിപള്ളി തോല്‍പ്പിച്ചത്.
പഞ്ചാബിലെ ജലന്ധര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എഎപിയും വിജയം പിടിച്ചെടുത്തു. 24 കൊല്ലമായി കോണ്‍ഗ്രസ് കയ്യടക്കിവെച്ചിരുന്നു സീറ്റായിരുന്നു ഇത്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തിയ സുശീല്‍ കുമാര്‍ റിങ്കു, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കരംജീത് കൗറിനെതിനെതിരേ 58000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഭാരത് ജോഡോ യാത്രക്കിടെ ഹൃദയാഘാതം മൂലം അന്തരിച്ച സന്തോഖ് ചൗധരിയുടെ പത്നിയാണ് കരംജീത് കൗര്‍. സന്തോഖ് ചൗധരിയുടെ അന്ത്യത്തെ തുടര്‍ന്നാണ് ജലന്ധറില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Content Highlights: BJP Sweeps Municipal Polls In UP, Wins All 17 Mayoral Seats
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..