അഗര്‍ത്തല: 95 ശതമാനം സീറ്റുകളും സ്വന്തമാക്കി ത്രിപുര ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൂത്തുവാരി ഭരണകക്ഷിയായ ബിജെപി. 15 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. 85 ശതമാനം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജൂലായ് 27-ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വ്യാഴാഴ്ചയാണ് നടന്നത്. 

833 ഗ്രാമപഞ്ചായത്തുകളിലേക്കും 82 പഞ്ചായത്ത് സമിതികളിലേക്കും 79 ജില്ലാ പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 833 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 638 പഞ്ചായത്തുകളും ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് 158 ലും സിപിഎം 22 സീറ്റുകളിലുമായി ഒതുങ്ങി. ഐപിഎഫ്ടി ആറ് സീറ്റുകളിലും സ്വതന്ത്രര്‍ ഒമ്പത് സീറ്റുകളിലും ജയിച്ചു. 

പഞ്ചായത്ത് സമിതികളില്‍ ബിജെപി 74 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് ആറ് സീറ്റ് നേടിയപ്പോള്‍ സിപിഎമ്മിന് ഒറ്റ് പഞ്ചായത്ത് സമിതി സീറ്റ് മാത്രമെ ലഭിച്ചുള്ളൂ. 

79 ജില്ലാ പഞ്ചായത്തുകളില്‍ ബിജെപി 77 സീറ്റുകള്‍ നേടിയപ്പോള്‍ ബാക്കി രണ്ടെണ്ണം കോണ്‍ഗ്രസിന് കിട്ടി. സിപിഎമ്മിന് ഒന്നും ലഭിച്ചില്ല.

Content Highlights: BJP sweeps most of Tripura panchayat seats