ഹൈദരാബാദ്: ബിജെപി വന്‍ താരനിരയെ അണിനിരത്തി പ്രചാരണം നടത്തിയ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയുടെ മുന്നേറ്റം. തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസ് സീറ്റ് നിലയില്‍ മുന്നിലെത്തിയെങ്കിലും ബിജെപി വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്.

ആകെയുള്ള 150 സീറ്റുകളില്‍ 146 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോള്‍ 56 ഇടത്ത് ടിആര്‍എസ് വിജയിച്ചു. 46 സീറ്റുകളില്‍ വിജയിച്ച ബിജെപിയാണ് നിലവില്‍ എറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷി. 42 സീറ്റുകളില്‍ എഐഎംഐഎം വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. 

മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസിന് 2016 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 40 ശതമാനം സീറ്റുകള്‍ നഷ്ടപ്പെട്ടു. നഷ്ടപ്പെടാനൊന്നുമില്ലാതെ തിരഞ്ഞെടുപ്പിനിറങ്ങിയ ബിജെപിക്കാകട്ടെ അസറുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താന്‍ സാധിച്ചു. 

സീറ്റുകളുടെ എണ്ണത്തില്‍ മുന്നിലെത്തി ടിആര്‍എസ് മുഖം രക്ഷിച്ചുവെങ്കിലും മുനിസിപ്പല്‍ സീറ്റുകളില്‍ 40 ശതമാനവും നഷ്ടപ്പെട്ടു എന്നത് ഭരണകക്ഷിയെ സംബന്ധിച്ച് നല്ല സൂചനയല്ല. വലിയ തോതില്‍ സാമുദായിക ധ്രുവീകരണം നടന്ന തിരഞ്ഞെടുപ്പില്‍ എഐഎംഐഎം 40ല്‍ അധികം സീറ്റുകള്‍ നേടിയതും അപ്രതീക്ഷിതമല്ല.

തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് മുതല്‍ ടിആര്‍എസ് നിലനിര്‍ത്തിപ്പോന്ന മേധാവിത്വത്തിനാണ് മങ്ങലേല്‍ക്കുന്നത്. 2016ല്‍ 99 സീറ്റുകളാണ് ടിആര്‍എസ് നേടിയത്. വെറും നാല് സീറ്റുണ്ടായിരുന്നിടത്തുനിന്നാണ് ബിജെപി വന്‍ കുതിച്ചുചാട്ടം നടത്തിയത്. ഈ ഫലങ്ങള്‍ 2023 ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഊര്‍ജമാവുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

Content Highlights: BJP Surge In Hyderabad Local Polls Ruins KCR's Victory Party