കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ബിജെപിയില്‍ നിന്ന് തൃണമൂലിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. റായ്ഗഞ്ജ് എംഎല്‍എ കൃഷ്ണ കല്യാണിയാണ് ഇന്ന് പാര്‍ട്ടി വിട്ടത്. വൈകാതെ ഇദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

റായ്ഗഞജ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ദേബശ്രീ ചൗധരിക്കെതിരെ വിമര്‍ശനം നടത്തിയതിന് ബിജെപി കൃഷ്ണ കല്യാണിക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ദേബശ്രീ ചൗധരി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പ്രവര്‍ത്തിക്കുന്ന അതേ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നും കൃഷ്ണ കല്യാണി പറഞ്ഞു. 
 
മെയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇത് അഞ്ചാമത്തെ ബിജെപി എംഎല്‍എയാണ് തൃണമൂലിലേക്ക് ചേക്കേറുന്നത്. മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ ബാബുള്‍ സുപ്രിയോടക്കമുള്ള നേതാക്കളും ഇതിനോടകം തൃണമൂലിലെത്തിയിട്ടുണ്ട്.