ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കാമെന്ന ഉത്തരവിന് പിന്നാലെ രാഹുല്‍ നടത്തിയ പരാമര്‍ശം കോടതി അലക്ഷ്യമെന്ന് കാണിച്ച് ബി.ജെ.പി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. 

പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ പരിശോധനക്ക് എടുക്കാമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതി നടത്തിയെന്ന് സുപ്രീംകോടതി സമ്മതിച്ചിരിക്കുന്നു എന്നാണ് രാഹുല്‍ പ്രസ്താവന നടത്തിയത്. 

രാഹുലിന്റെ പ്രസ്താവന കോടതി അലക്ഷ്യമാണെന്ന് അന്നുതന്നെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ആരോപിച്ചിരുന്നു.  ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യത്തിന് രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പരാതി നല്‍കിയത്. ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന പരാതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അടുത്ത തിങ്കളാഴ്ച പരിഗണിക്കും.